ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ
1 min read

ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങുന്ന സമയത്ത് മീഡിയയോട് സംസാരിക്കവെയാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. അന്വേഷിപ്പിൻ കണ്ടെത്തും നല്ല സിനിമയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ടൊവിനോ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ചിരിച്ച് കൊണ്ട് ടൊവിനോ എപ്പോഴും സൂപ്പറല്ലേ എന്നായിരുന്നു സൗബിന്റെ മറുപടി. സൗബിനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ പങ്കാളി ജാമിയ സഹീറുമുണ്ടായിരുന്നു. ടൊവിനോ വളരെ നന്നായിട്ടുണ്ട്. സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു എന്നെല്ലാമായിരുന്നു ജാമിയയുടെ മറുപടി.

അന്വേഷിപ്പിൻ കണ്ടെത്തും സിനിമ ഫെബ്രുവരി ഒൻപതിനാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ സിനിമ, ബുക്കിങ്ങ് കൗണ്ട് കൂടിയതോടെ സ്ക്രീനുകളുടെ എണ്ണം കൂട്ടിയിരുന്നു. എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിലെ കഥ പറയുന്ന ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമയായ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ നിർമ്മാണം. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജ​ഗോപാലൻ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.