ഒടിടിയിൽ ചർച്ചയായ വാലിബൻ ഇനി ടെലിവിഷനിലേക്ക്; പ്രീമിയർ പ്രഖ്യാപിച്ചു
1 min read

ഒടിടിയിൽ ചർച്ചയായ വാലിബൻ ഇനി ടെലിവിഷനിലേക്ക്; പ്രീമിയർ പ്രഖ്യാപിച്ചു

മോഹൻലാൽ – ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ ബി​ഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജോണറിൽ പോലും വ്യത്യസ്തത പുലർത്തിയ ഈ ചിത്രം തുടക്കം മുതൽ തന്നെ ഡീ​ഗ്രേഡിങ്ങിന് ഇരയായെന്ന് മാത്രമല്ല തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയം കണ്ടുമില്ല. എന്നാൽ മോഹൻലാൽ മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.

വൈകാതെ മലൈക്കോട്ടൈ വാലിബൻ ഏഷ്യാനെറ്റിലൂടെയാണ് ടെലിവിഷനിൽ പ്രീമിയർ ചെയ്യുക. എപ്പോഴായിരിക്കും പ്രീമീയർ എന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നാണ് നിലവിൽ അഭിപ്രായം. ഒടിടിയിൽ എത്തിയപ്പോൾ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷണം നൽകിയത്. അത് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതാണ് മോഹൻലാലിന്റെ ചിത്രത്തിലെ മാനറിസങ്ങൾ എന്ന് ആരാധകർ ചൂണ്ടിക്കാട്ടിയത് ചർച്ചയായിരുന്നു.. മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ വിവിധ ഫോട്ടോകൾ പങ്കുവെച്ച് ക്ലോസ് അപ്, ഇമോഷണൽ, കോമഡി, റൊമാൻസ്, ആൽക്കഹോൾ, ആക്ഷൻ, മാസ് എന്നിങ്ങനെയുള്ള മോഹൻലാലിന്റെ ഏഴ് ഭാവങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരുന്നു ഒരു ആരാധകൻ. മലയാളത്തിന്റെ മോഹൻലാലിനെ തന്നതിന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറഞ്ഞിരുന്നു ആരാധകർ.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട സാഹചര്യത്തിൽ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിൽ സംശയങ്ങളുമുണ്ടായി. ഒടിടിയിൽ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് ആരാധകർ എത്തുകയും ചെയ്‍തു. മലൈക്കോട്ടൈ വാലിബിൻ ഒരു ക്ലാസിക് സിനിമാ കാഴ്‍ച ആണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും പറയുന്നത്.