ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി; മഹേഷ് നാരായണൻ സിനിമ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും
1 min read

ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി; മഹേഷ് നാരായണൻ സിനിമ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും

സംവിധായകൻ ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി. പുരുഷ പ്രേതത്തിന് ശേഷം ക്രിഷാന്ത് ഒരുക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി സ്റ്റാർ ആയെത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. ടൈം ട്രാവൽ ചിത്രമാണ് മമ്മൂട്ടിക്കുവേണ്ടി ക്രിഷാന്ത് ഒരുക്കുന്നത്. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിട്ടായിരിക്കും. മമ്മൂട്ടിയുടെ വ്യത്യസ്തമായ മറ്റൊരു ചിത്രമായിരിക്കും ഇതെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

വൃത്താകൃതിയിലുള്ള ചതുരം, ആവാസ വ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിഷാന്ത്. കഥകൾ തിരഞ്ഞെടുക്കുന്ന വൈവിദ്ധ്യം ആണ് ക്രിഷാന്ത് സിനിമകളുടെ പ്രത്യേകത. ഏറെ നാളുകളായി നടന്റെ സമ്മതം കിട്ടാൻ കാത്തിരിക്കുകയായിരുന്നു സംവിധായകൻ. ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അണിനിരക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നത്. യുഎസിലും യു കെയിലും ഡൽഹിയിലുമാണ് ചിത്രീകരണം. ബിഗ്ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് മൂന്നു മാസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിലോ മറ്റ് വിവരങ്ങളോ ഇതുവരെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ടർബോയുടെ ഡബിംഗ് ആരംഭിച്ചു. മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ടർബോ ആണ്. മമ്മൂട്ടിക്കമ്പനി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടർബോ കഴിഞ്ഞാൽ ബസൂക്ക ആണ് അടുത്ത റിലീസ്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയിൽ ഗൗതം മേനോൻ ആണ് മറ്റൊരു പ്രധാന താരം. മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോനും ആദ്യമാണ്.