”മലയാള സിനിമകളുടെ വിജയം ഊതിപ്പെരുപ്പിച്ചത്”; അധിഷേപിച്ച പിആർഒയെ എയറിൽ കയറ്റി തമിഴ് പ്രേക്ഷകർ
1 min read

”മലയാള സിനിമകളുടെ വിജയം ഊതിപ്പെരുപ്പിച്ചത്”; അധിഷേപിച്ച പിആർഒയെ എയറിൽ കയറ്റി തമിഴ് പ്രേക്ഷകർ

ലയാള സിനിമയ്ക്കിതെന്ത് പറ്റി എന്ന് ആശ്ചര്യത്തോടെ ചോദിക്കുകയാണ് എല്ലാവരും. കാരണം മറ്റൊന്നുമല്ല 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഹിറ്റടിക്കുകയാണ്. ഈ പുതുവർഷം മലയാള സിനിമയ്ക്ക് ഭാ​ഗ്യം കൊണ്ടുവരികയാണ്. ഒന്നിനു പുറകെ ഒന്നായി എല്ലാ ചിത്രങ്ങളും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച അഭിപ്രായമാണ് മലയാള ചിത്രങ്ങൾ നേടുന്നത്.

ഇറങ്ങുന്ന സിനിമകളെല്ലാം തിയേറ്ററിൽ ആഴ്ചകളോളം പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ റിലീസ് ചെയ്തിട്ട് ഇത് നാലാം വാരമാണ്, ഇപ്പോഴും തിയേറ്റർ നിറഞ്ഞോടുന്നു. അതിന് പിന്നാലെ വന്ന ചിത്രങ്ങളെല്ലാം ഹിറ്റ്. ഇത് അസൂയ തോന്നുന്ന വിധത്തിലുള്ള ഒരു വിജയമായിത്തന്നെ വേണം കണക്കാക്കാൻ. എന്നാൽ ഇതിനിടെ തമിഴിലെ പ്രമുഖ പിആർഒയുടെ മലയാള സിനിമയെക്കുറിച്ച് എഴുതിയ വിവാദ പോസ്റ്റ് ചർച്ചയാവുകയാണ്.

തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമയാണ് വിവാ​ദ പോസ്റ്റുമായി എത്തിയത്. മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചതാണ് എന്നാണ് ഇയാൾ പറയുന്നത്. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പിൽ വലിയ കാര്യമില്ലെന്നും പലതും ഊതിപ്പെരിപ്പിച്ചതാണ് എന്നുമാണ് കാർത്തിക കുറിച്ചത്. കൂടാതെ വിജയകാന്ത് മലയാള സിനിമയെക്കുറിച്ച് പറയുന്ന വിഡിയോയും കഴിഞ്ഞ വർഷം നാല് സിനിമകൾ മാത്രമാണ് വിജയിച്ചത് എന്ന് പറയുന്ന പത്രക്കട്ടിങ്ങും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

എന്നാൽ മലയാളം സിനിമയുടെ ആരാധകരായ തമിഴ് നാട്ടുകാർ തന്നെ കാർത്തിക് രവിവർമയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്. പോസ്റ്റിന് താഴെ വൻ വിമർശനമാണ് അവർ ഉയർത്തുന്നത്. തമിഴിലെ പോലെ 70 കാരന്മാരായ ഹീറോകൾ നായികമാർക്കൊപ്പം ഡ്യുവറ്റ് നടത്തുകയല്ല അവിടെ എന്നാണ് ഒരാൾ കുറിച്ചത്. സാമ്പത്തിക വിജയമല്ല നോക്കേണ്ടതെന്നും മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 2023 വർഷത്തെ കാര്യം നോക്കേണ്ടെന്നും ഈ വർഷം മലയാളത്തിന്റെ ലക്കി ഇയർ ആണെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. തമിഴിൽ ഒരേ കഥ വച്ച് വർഷങ്ങളോളം സിനിമയെടുക്കുമ്പോൾ പുത്തൻ ആശയങ്ങളാണ് മലയാളം കൊണ്ടുവരുന്നത് എന്നായിരുന്നു മറ്റൊരു പ്രേക്ഷകൻ കുറിച്ചത്.