”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ
1 min read

”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും ഒരു അഭിപ്രായമല്ലെന്ന് പറഞ്ഞ ധ്യാൻ. അറിവ് സമ്പാദിക്കുമ്പോൾ അതിനൊപ്പം അഹങ്കാരവും ധാർഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കിൽ അവൻ ലോകതോൽവിയാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. മാതൃഭൂമിയുടെ സാഹിത്യോത്സവത്തിൽ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹൻലാലിനും ഇടയിൽ‌ വിള്ളൽ വീണുവെന്നും. ഇരുവരും ഇപ്പോൾ സംസാരിക്കാറില്ലെന്നും ധ്യാൻ പറയുന്നു. അത്തരം ഒരു അവസ്ഥയിൽ മോഹൻലാലിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കേൾക്കുന്നവർ സെൻസിൽ എടുക്കണം എന്നില്ല. വീട്ടിൽ എന്തും പറയാം പക്ഷെ അത് ശരിയല്ലെന്ന് ധ്യാൻ പറഞ്ഞു.

ശ്രീനിവാസനെ മനസിലാക്കാതെയാണോ അദ്ദേഹത്തെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന്. ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആൾ ഞാനാണ്. എൻറെ അച്ഛനെ ഞാൻ മനസ്സിലാക്കിടത്തോളം ചേട്ടൻ മനസ്സിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എൻറെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും എന്ന് ധ്യാൻ പറഞ്ഞു.