ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി
1 min read

ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി

ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ജോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യമാണ്. മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഭ്രമയുഗം ആദ്യ ആഴ്ചയില് മികച്ച കളക്ഷൻ സൃഷ്ടിച്ചിരുന്നു. മനുഷ്യന്റെ അധികാര മോഹവും അത്യാർത്തിയും സിനിമ ചർച്ച ചെയ്യുന്നു. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറർ ജോണറിലും ഉൾപ്പെടുന്നുണ്ട്.

വെറും 11 ദിവസങ്ങൾക്കുള്ളിൽ മമ്മൂട്ടി ചിത്രം നിർണായക നേട്ടത്തിൽ എത്തിയപ്പോൾ മറ്റൊരു റെക്കോർഡുമിട്ടു. പ്രേമലുവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചിത്രം മുന്നേറിയത്. പിന്നീടെത്തിയ മഞ്ഞുമ്മൽ ബോയ്‍സിന്റെ മുന്നേറ്റവും അതിജീവിച്ചാണ് കളക്ഷനിൽ ഭ്രമയുഗം സുവർണ നേട്ടത്തിൽ എത്തിയത് എന്നത് ആരാധകർക്കും ആവേശമാകുന്ന കാര്യമാണ്. യുവാക്കൾക്ക് പ്രാധാന്യം നൽകിയ രണ്ട് ചിത്രങ്ങളെ അതിജീവിച്ച് ഗൌരവേറിയ ഒരു വിഷയം പ്രതിപാദിക്കുന്ന ഭ്രമയുഗം 50 കോടി ക്ലബിൽ കുറഞ്ഞ എത്തിയപ്പോൾ മമ്മൂട്ടി തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ( ഭീഷ്‍മ പർവവും കണ്ണൂർ സ്‍ക്വാഡും കോടി ക്ലബിൽ എത്തിയിരുന്നു) ഇങ്ങനെ ഒരു നേട്ടമുണ്ടാക്കി എന്ന റെക്കോർഡിനും അർഹനായി.

മമ്മൂട്ടി നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നത് പ്രഖ്യാപനം തൊട്ടെ ഭ്രമയുഗം ചർച്ചകളിൽ നിറയാൻ ഒരു കാരണമായിരുന്നു. കൊടുമൺ പോറ്റിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറാൻ കൊടുമൺ പോറ്റിക്ക് കഴിയുകയും ചെയ്‍തു എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ.

ഭ്രമയുഗം കേരളത്തിൽ മാത്രമല്ല തമിഴ്‍നാട്ടിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണം നേടി എന്നാണ് റിപ്പോർട്ടുകൾ. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.