40 കോടി ക്ലബിൽ ഇടം നേടി അന്വേഷിപ്പിൻ കണ്ടെത്തും; പുത്തൻ റിലീസുകൾക്കിടയിലും കുതിപ്പ് തുടരുന്നു
1 min read

40 കോടി ക്ലബിൽ ഇടം നേടി അന്വേഷിപ്പിൻ കണ്ടെത്തും; പുത്തൻ റിലീസുകൾക്കിടയിലും കുതിപ്പ് തുടരുന്നു

റച്ചുപിടിച്ച സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ എസ്ഐ ആനന്ദും സംഘവും നടത്തിയ ജൈത്യയാത്ര വിജയം കണ്ടിരിക്കുകയാണ്. ആ​ഗോള ബോക്സോഫിസിൽ 40 കോടി കളക്ഷനാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം സ്വന്തമാക്കിയത്. അനേകം പുത്തൻ റിലീസുകൾക്കിടയിലും അടി പതറാതെ കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം.

ഇന്ന് മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടെ ചിത്രം പ്രദർശനം ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സാംബിയ, ജൊഹാനസ്ബെർ​ഗ്, സെഷൽസ് തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിപ്പിൻ കണ്ടെത്തും പ്രദർശനമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി ഒൻപതിന് ആയിരുന്നു കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലുമുൾപ്പെടെ ഈ ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

ഇപ്പോൾ നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇത് ടൊവിനോ തോമസ് എന്ന നടന്റെ കരിയർ ബെസ്റ്റ് കഥാപാത്രമായിരിക്കും എന്നും അഭിപ്രായങ്ങളുണ്ട്. എസ് ഐ ആനന്ദ് നാരായണൻ എന്ന സാധാരണ പൊലീസുകാരന്റെ വേഷത്തിലാണ് ടൊവിനോ ഈ സിനിമയിൽ അഭിനയിക്കുന്നത്. പ്രമോദ് വെളിയനാട്, രാഹുൽ രാജ​ഗോപാൽ, വിനീത് തട്ടിൽ തുടങ്ങിയവരും ടൊവിനോയ്ക്കൊപ്പം ​ഗംഭീര അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം മേക്കിങ്ങിൽ അപാര പരീക്ഷണമാണ് നടത്തിയത്, അത് ജനം ഏറ്റെടുക്കുകയും ചെയ്തു. ജിനു വി എബ്രഹാമാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. സിദ്ദിഖ്, സാദിഖ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ശ്രീജിത്ത് രവി, ഷമ്മി തിലകൻ, ബാബുരാജ്, രമ്യ സുവി, ശരണ്യ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം കൂടിയാണിത്.

എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് തങ്കം സിനിമയുടെ സിനിമാറ്റോ​ഗ്രഫർ ​ഗൗതം ശങ്കറാണ്. ദിലീപ് നാഥാണ് കലാസംവിധായകൻ. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകൻ സന്തോഷ് നാരായണന്റെ സം​ഗീതവും സിനിമയുടെ പ്രത്യേകതകളിലൊന്നാണ്. തെന്നിന്ത്യൻ ​ഗായിക ദീ ആദ്യമായി മലയാളത്തിൽ പാടുന്ന എന്ന സവിശേഷതയുമുണ്ട്.