”ഞാനെന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതം ആയിരിക്കും, അതിനൊരു കാരണമുണ്ട്”; പൃഥ്വിരാജ്
1 min read

”ഞാനെന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതം ആയിരിക്കും, അതിനൊരു കാരണമുണ്ട്”; പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ അക്ഷമരായി കാത്തിരിക്കുകയാണ്. മലയാള സിനിമാ പ്രേക്ഷകർ ഇത്രയും ആവേശത്തോടുകൂടി മറ്റൊരു മലയാള സിനിമയ്ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ബെന്യാമിന്റെ ആടുജീവിതം എന്ന ജനപ്രിയ നോവലാണ് ഈ സിനിമയ്ക്കാധാരം എന്നതായിരുന്നു പ്രാരഭംഘട്ടത്തിൽ പ്രേക്ഷകരെ ഉണർത്തിയത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ വായിച്ച് കരയാത്തവർ ഉണ്ടാകില്ല.

എന്നാൽ പോകെപ്പോകെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വന്നപ്പോൾ എല്ലാംകൊണ്ടും തിയേറ്ററിൽ അത്ഭുതം സൃഷ്ടിക്കാൻ പോകുന്ന സിനിമയാകും ആടുജീവിതം എന്ന് ജനങ്ങൾക്ക് മനസിലായി. മാർച്ച് 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ച് മെലിഞ്ഞത് വലിയ വാർത്തയായിരുന്നു.

യഥാർത്ഥ നജീബിന്റെ ശരീരപ്രകൃതിയിലേക്കെത്താൻ പൃഥ്വിരാജ് ചെയ്ത കഠിന പ്രയത്നത്തെ പ്രശംസിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.19 കിലോയാണ് ചിത്രത്തിന് വേണ്ടി മാത്രം പൃഥ്വിരാജ് കുറച്ചത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി പട്ടിണി കിടക്കുമ്പോൾ സംവിധായകൻ ബ്ലസിയുൾപ്പെടെ അണിയറപ്രവർത്തകരെല്ലാം വെള്ളവും ആഹാരവും വേണ്ടെന്ന് വെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ മകളെ താൻ അഭിനയിച്ച ഒരു സിനിമയും കാണിച്ചിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. മകൾ ആദ്യം കാണുന്ന ചിത്രം ആടുജീവിതമായിരിക്കുമെന്നും അതിന് കാരണമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. “ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും.

കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവൾക്ക് ഒൻപത് വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർത്ഥമെന്നും”- പൃഥ്വിരാജ് വ്യക്തമാക്കി. ആടുജീവിതത്തിന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.