മുതൽമുടക്കിനേക്കാൾ കളക്ഷൻ വാരി ഭ്രമയു​ഗം; 52 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്
1 min read

മുതൽമുടക്കിനേക്കാൾ കളക്ഷൻ വാരി ഭ്രമയു​ഗം; 52 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്

നൂറ്റാണ്ടിൽ ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ഭ്രമയു​ഗം ടീം അതുൾപ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു. രാഹുൽ സദാശിവൻ- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കോടികൾ വാരി പ്രേക്ഷകമനസിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ മാർച്ചിലേക്ക് കടക്കാൻ ഒടുങ്ങുകയാണ്.

സിനിമ ഇറങ്ങിയിട്ട് മൂന്നാമത്തെ ആഴ്ചയാണ് വരുന്നത്. മൂന്നാം വാരം എന്നത് മാർച്ച് മാസത്തിലാണ് ആരംഭിക്കുക. ‘Bramayugam March-ing into 3rd Week’, എന്നാണ് അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 15നാണ് മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഭ്രമയു​ഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു.

ഇതുവരെ 52 കോടി അടുപ്പിച്ച് ഭ്രമയു​ഗം നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 27.73 കോടി എന്നാണ് നേരത്തെ നിർമ്മാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്ര അറിയിച്ചിരുന്നത്. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ‘ഭൂതകാലം’ത്തിന് ശേഷം രാഹുൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ കൂടിയാണിത്.

മമ്മൂട്ടി നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നത് പ്രഖ്യാപനം തൊട്ടെ ഭ്രമയുഗം ചർച്ചകളിൽ നിറയാൻ ഒരു കാരണമായിരുന്നു. കൊടുമൺ പോറ്റിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറാൻ കൊടുമൺ പോറ്റിക്ക് കഴിയുകയും ചെയ്‍തു എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ.

ഭ്രമയുഗം കേരളത്തിൽ മാത്രമല്ല തമിഴ്‍നാട്ടിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണം നേടി എന്നാണ് റിപ്പോർട്ടുകൾ. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.