“ഇത് ലാലേട്ടന്‍ തന്നെ…”, മീശപിരിച്ചും ആടിപ്പാടിയും പ്രണവ്; ‘വർഷങ്ങൾക്കു ശേഷം’ ആദ്യഗാനം
1 min read

“ഇത് ലാലേട്ടന്‍ തന്നെ…”, മീശപിരിച്ചും ആടിപ്പാടിയും പ്രണവ്; ‘വർഷങ്ങൾക്കു ശേഷം’ ആദ്യഗാനം

2022ൽ റിലീസ് ചെയ്ത് കേരളമൊട്ടാകെ വലിയ തരംഗമായി മാറിയ സിനിമയാണ് ഹൃദയം. ഈ ചിത്രത്തിന്റെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷക ആവേശം വളരെ വലുതായിരുന്നു. ഒടുവിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ‘വർഷങ്ങൾക്കു ശേഷം’ ഒരുങ്ങി. ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു. മധു പകരൂ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ ആണ് അമൃത്. ചിത്രത്തിന്റെ രചന നടത്തി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വർഷങ്ങൾക്കു ശേഷം ഗാനം ആരാധർ ഏറ്റെടുത്തു കഴിഞ്ഞു. യുട്യൂബ് ട്രെന്റിങ്ങിൽ നാലാം സ്ഥാനത്താണ് നിലവിൽ പാട്ടുള്ളത്. അതേസമയം, ഗാനത്തിലെ പ്രണവ് മോഹൻലാലിനെ കണ്ട് ഇത് വിന്റേജ് ലാലേട്ടൻ തന്നെ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മോഹൻലാലിന്റെ ചില മാനറിസങ്ങളും പ്രണവിൽ പ്രകടമാണ്.

വിന്റേജ് ലുക്കിലുള്ള, രണ്ട് കാലഘട്ടങ്ങൾ പറയുന്നൊരു സിനിമയാകും വർഷങ്ങൾക്കു ശേഷം എന്നാണ് ടീസർ നൽകിയ സൂചന.വിനീതിന്‍റെ മറ്റൊരു ഗംഭീര ചിത്രമാകും ഇതെന്നാണ് വിലയിരുത്തലുകള്‍. ചിത്രം ഏപ്രിൽ 11ന് റംസാൻ – വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.