സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയിലും കുതിച്ച്  ആടുജീവിതം
1 min read

സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയിലും കുതിച്ച് ആടുജീവിതം

മലയാള സിനിമാപ്രേമികള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പ് നല്‍കിയ മറ്റൊരു ചിത്രമില്ല, ആടുജീവിതം പോലെ. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട അതേപേരിലുള്ള ബെന്യാമിന്‍റെ നോവല്‍ ബ്ലെസി ചലച്ചിത്രമാക്കുന്നു, കഥാനായകന്‍ നജീബ് ആവുന്നത് പൃഥ്വിരാജ്, മരുഭൂമിയിലെ കൊവിഡ് കാലവും കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ ശരീരമൊരുക്കലും തുടങ്ങി പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണങ്ങള്‍ പലതായിരുന്നു. ഇപ്പോഴിതാ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ ആടുജീവിതത്തിന്റെ പേരിലായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിനെയാണ് ആടുജീവിതം പിന്നിലാക്കിയത്.

യുകെ, അയര്‍ലാൻഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ മലയാളം വലിയ കുതിപ്പാണ് നടത്തുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ് 42 ദിവസങ്ങള്‍ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപയാണ്. എന്നാല്‍ ആടുജീവിതം വെറും ഏഴ് ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ യുകെ കളക്ഷൻ മറികടന്നു. യുകെയിലും അയര്‍ലാൻഡില്‍ നിന്നുമായി 8,07 കോടി മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയപ്പോള്‍ മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് നേടിയത്.

ദുല്‍ഖര്‍ നായകനായ കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ദുല്‍ഖറിന്റെ കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്‍ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.