തിയേറ്ററിൽ നിന്ന് വിടവാങ്ങാൻ മഞ്ഞുമ്മൽ ബോയ്സ്; മേയ് അഞ്ച് മുതൽ ഒടിടിയിൽ കാണാം…
1 min read

തിയേറ്ററിൽ നിന്ന് വിടവാങ്ങാൻ മഞ്ഞുമ്മൽ ബോയ്സ്; മേയ് അഞ്ച് മുതൽ ഒടിടിയിൽ കാണാം…

ലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയ സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് ഇനി ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ നാല് ഇതര ഭാഷകളിൽ ചിത്രം ലഭ്യമാകും. സിനിമയ്ക്ക് മലയാളത്തിൽ ഉള്ളത് പോലെത്തന്നെ ആരാധകർ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഉണ്ടായിരുന്നു.

ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററിൽ എത്തിയത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒന്നാകെ ചിത്രം തരംഗം സൃഷ്ടിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ് മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തിൽ നിന്ന് കളക്റ്റ് ചെയ്തത്. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ് മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. കൊടൈക്കനാലിലെ ഗുണ കേവിൽ കുടുങ്ങുന്ന യുവാവിന്റേയും സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് ​ഗുണ കേവ് സന്ദർശിക്കാൻ പോയ യുവാക്കളുടെ കഥയായിരുന്നു ചിദംബരം സിനിമയാക്കിയത്. ഈ സർവൈവർ ത്രില്ലറിൽ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ദീപക് പറമ്പോൽ തുടങ്ങിയ വൻ താരനിരയാണ് ഒന്നിച്ചത്.