”എനിക്ക് ആടുജീവിതത്തിന്റെ ഭാ​ഗമാകാൻ കഴിയാത്തതിനാൽ ടീമിനോട് അസൂയയാണ്”; ശ്രദ്ധേയമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്
1 min read

”എനിക്ക് ആടുജീവിതത്തിന്റെ ഭാ​ഗമാകാൻ കഴിയാത്തതിനാൽ ടീമിനോട് അസൂയയാണ്”; ശ്രദ്ധേയമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്

ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബിന്റെ അവസ്ഥകൾ തന്റേതായി കണ്ട് കരയാത്തവർ ഉണ്ടാകില്ല. ആടുജീവിതം സിനിമയാകുമ്പോഴും പ്രേക്ഷകർക്ക് ഇതിലും ആകാംക്ഷയാണ്. കാരണം ഇതിന്റെ സംവിധായകൻ ബ്ലെസിയാണ്, അഭിനയിക്കുന്നത് പൃഥ്വിരാജും. ഇതിൽ കൂടുതൽ വേറെന്ത് വേണം. ഈ അവസരത്തിൽ സിനിമയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ.

ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പമാണ് അനുപം ഖേറിന്റെ ട്വീറ്റ്. ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകൻ ആണെന്ന് പറഞ്ഞ അനുപം ആടുജീവിതത്തിന് ആശംസ അറിയിക്കുകയും ചെയ്തു. ഒപ്പം ആടുജീവിതത്തിൽ ഭാ​ഗമാകാൻ സാധിക്കാത്തതിൽ അസൂയ ഉണ്ടെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു.

“പ്രിയ ബ്ലെസി സർ മലയാളം ക്ലാസിക് പ്രണയത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായി കരുതുകയാണ്. ഇപ്പോൾ വരാനിരിക്കുന്ന നിങ്ങളുടെ ആടുജീവിതം ചിത്രത്തിന്റെ ടീസർ കണ്ടു. നിങ്ങൾ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഞാൻ ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതിൽ അൽപ്പം അസൂയയുണ്ട്. നിങ്ങൾക്കും ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ”, എന്നാണ് അനുപം ട്വീറ്റ് ചെയ്തത്.

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ബ്ലെസി മറുപടിയുമായി എത്തുകയും ചെയ്തു. “അനുപം ഖേർ ജി, നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. നിങ്ങളെപ്പോലുള്ള മുതിർന്ന, അനുഭവ സമ്പത്തുള്ള ഒരു നടന്റെ അഭിനന്ദനം തീർച്ചയായും ആടുജീവിതം എന്ന ചിത്രത്തിന് വളരെയധികം ഫലപ്രതമായിരിക്കും. അതിജീവനത്തിന്റെ ഈ കഥ നിങ്ങളെയും പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്”, എന്നാണ് ബ്ലെസി കുറിച്ചത്.