സംഭവബഹുലമായ 2023; മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സിനിമാനുഭവങ്ങൾ
1 min read

സംഭവബഹുലമായ 2023; മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സിനിമാനുഭവങ്ങൾ

സൂപ്പർതാരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാർ എൻട്രിയുമെല്ലാമുണ്ടായ സംഭവബഹുല വർഷമായിരുന്നു 2023. എന്നാൽ, നിരവധി ചിത്രങ്ങൾ തിയേറ്റർ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു. മൂന്ന് മലയാള ചിത്രങ്ങളാണ് ഇതുവരെ ടോട്ടൽ ബിസിനസിൽ ഈ വർഷം 100 കോടി ക്ലബ്ബിൽ കടന്നത്.

ജൂഡ് ആന്തണി ചിത്രം ‘2018’, മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’, ഷെയ്ൻ നി​ഗം പ്രധാനവേഷത്തിലെത്തിയ ‘ആർ.ഡി.എക്‌സ്’ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബിലെത്തിയതിൽ രണ്ട് ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണെന്നാണ് പ്രത്യേകത.

2023-ൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രം ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ ആണ്. 200 കോടിയുടെ ബിസിനസും ചിത്രം സ്വന്തമാക്കി. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഫെയ്‌സ്ബുക്കിലൂടെ ആഗോള ബിസിനസ് 200 കോടി കടന്നുവെന്ന് അറിയിച്ചത്. ‘പുലിമുരുക’ന്റെ പേരിലുണ്ടായിരുന്ന ഇൻഡസ്ട്രി ഹിറ്റ് പട്ടം സ്വന്തംപേരിലാക്കാനും ‘2018’ ന് സാധിച്ചു.

ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതും ഈ ജൂഡ് ചിത്രം തന്നെ. 15 ചിത്രങ്ങളുൾപ്പെടുന്ന ചുരുക്കപ്പട്ടികയിൽ ‘2018’ ന് ഇടംപിടിക്കാനായില്ല എന്നത് നിരാശയായി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിത കോശി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ.

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ.