100 കോടി നേടിയ പുലിമുരുകനെ കടത്തിവെട്ടാൻ മോൺസ്റ്റർ വരുന്നു; റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു
1 min read

100 കോടി നേടിയ പുലിമുരുകനെ കടത്തിവെട്ടാൻ മോൺസ്റ്റർ വരുന്നു; റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ റിലീസിന് എത്തിയ ‘ആറാട്ട്’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. പുലിമരുകന്റെ തിരക്കഥയൊരുക്കിയ ഉദയ കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥയും ഒരുക്കുന്നത്.

ഇപ്പോഴിതാ മോൺസ്റ്ററിന്റെ റിലീസിനെ സംബന്ധിച്ച വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒൿടോബർ 21 – ന് ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ മലയാള പ്രേക്ഷകർ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോൺസ്റ്ററിൽ ഇദ്ദേഹം അവതരിപ്പിക്കുന്നത്. ‘പുലിമുരുകൻ’ എന്ന വമ്പൻ ഹിറ്റിനു ശേഷം ആ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പുത്തൻ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ‘മോൺസ്റ്റർ’ എന്ന ചിത്രത്തിനുവേണ്ടി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘മോൺസ്റ്റർ’. ചായഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം. വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് അണിയറ പ്രവർത്തകർ. 100 കോടി ക്ലബ്ബിൽ ഇടം നേടിയ പുലിമുരുകനെ പോലെ തന്നെ മോൺസ്റ്ററും വൻ വിജയം കൈവരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആരാധകർ വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.