‘ഞാനൊരു മൃഗസ്‌നേഹി; കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം’ ആവശ്യവുമായി ബോളിവുഡ് താരം കരിഷ്മ തന്ന
1 min read

‘ഞാനൊരു മൃഗസ്‌നേഹി; കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം’ ആവശ്യവുമായി ബോളിവുഡ് താരം കരിഷ്മ തന്ന

ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമായ കരിഷ്മ തന്ന തെരുവ് നായ വിഷയത്തില്‍ കേരളത്തിന് എതിരെ വിദ്വേഷ പ്രചരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും, അതിനാല്‍ കേരളം ബഹിഷ്‌കരിക്കണമെന്നുമാണ് നടിയുടെ ആഹ്വാനം. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും കേരള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കരീഷ്മ തന്ന ആഹ്വാനം ചെയ്തു.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടി ഇത്തരത്തില്‍ കേരളത്തിനെതിരെ ആഹ്വാനം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അടുത്ത കാലത്ത് നായക്കളുടെ ആക്രമണങ്ങളില്‍ മാത്രമാണ് മുഖ്യധാര മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത് എന്ന് നടി ആരോപിക്കുന്നു. കൂടാതെ, തെരുവ് നായ ആളുകളെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു തെറ്റും ചെയ്യാതെയാണ് അവരെ നായ ആക്രമിച്ചത് എന്നതിനോട് യോജിക്കുന്നു. എന്നാല്‍ ഇതില്‍ തെറ്റ് പൂര്‍ണമായും നായയുടെ ഉടമകളുടെ ഭാഗത്ത് ആണ്. താന്‍ ഒരു മൃഗസ്നേഹിയാണെന്നും നടി വ്യക്തമാക്കി. തെരുവ് നായക്കളെ സംരക്ഷിക്കാന്‍ ഏവരും രംഗത്തു വരണമെന്നും നടി പറഞ്ഞു.

അതേസമയം, കരിഷ്മ ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. ഗ്രാന്‍ഡ് മസ്തി, സജ്ഞു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് അവര്‍ ഒടുവില്‍ അഭിനയിച്ചത്. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും കെഎല്‍ രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നുവെന്നും, വളരെ ഭയാനകമായ സാഹചര്യമാണിതെന്നും, ഇത്തരം നീക്കങ്ങളെില്‍ നിന്നും പിന്മാറാനും ക്രൂരമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു – ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. അതുപോലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.