ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി
1 min read

ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി

അഭിനയത്തിന് പുറമെ ടെക്‌നോളജിയോടുള്ള നടന്‍ മമ്മൂട്ടിയുടെ ഇഷ്ടം നമുക്കെല്ലാവര്‍ക്കും അറിയാം. കാറുകളുടെയും ഫോണുകളുടെയും ഏറ്റവും വലിയ ശേഖരം തന്നെ മെഗാസ്റ്റാറിനുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ഇന്നെത്തിയിരിക്കുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ സീരീസില്‍ വിപണിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോണ്‍ ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഐ ഫോണ്‍ സീരീസില്‍ പുതിയതായി പുറത്തിറങ്ങിയ ഐ ഫോണ്‍ 14 പ്രോ മാക്‌സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് ഏകദേശം 1,39,900 രൂപയാണ് ഇന്ത്യയില്‍ വരുന്നത്. രണ്ട് വര്‍ഷം മുമ്പ് ആപ്പിള്‍ ഐ ഫോണ്‍ 12 പ്രോ മാക്‌സ് വിപണിയിലെത്തിയപ്പോഴും മമ്മൂട്ടിയായിരുന്നു ആദ്യം സ്വന്തമാക്കിയിരുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഓണ്‍ലൈന്‍ സ്റ്റോറുകളിലും അംഗീകൃത ഓഫ് ലൈന്‍ സ്റ്റോറുകളിലും ഇവ വില്‍പ്പനയ്ക്ക് സജ്ജമാണിപ്പോള്‍. ഐഫോണ്‍ 14, 128 ജിബി പതിപ്പിന് 79900 രൂപയും ഐഫോണ്‍ 14 പ്രോ ഫോണിന് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്‌സിന് 139900 രൂപയുമാണ് വില തുടങ്ങുന്നത്.

അതേസമയം, മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്. റോഷാക്കിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരുന്നു. അതുപോലെ, മമ്മൂട്ടി ആരാധകരും, സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.