”ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാൽ”; അനുഭവം വെളിപ്പെടുത്തി നടൻ സിദ്ദീഖ്
1 min read

”ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാൽ”; അനുഭവം വെളിപ്പെടുത്തി നടൻ സിദ്ദീഖ്

മോഹൻലാലും സിദ്ദീഖും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല സന്ദർഭങ്ങളിലും താരങ്ങൾ തങ്ങളുടെ സൗഹൃദം വെളിപ്പെടുത്തിയിട്ടുമുണ്ട്. സിനിമയിൽ എതിരെയാണ് നിൽക്കുന്നതെങ്കിലും റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നാണ് മോഹൻലാലിനെപ്പറ്റി സിദ്ദിഖ് പറഞ്ഞത്. ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് ലാലെന്നും സിദ്ദിഖ് പറയുന്നു.

‘ഖൽബ്’ എന്ന സിനിമയുെട ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ‘‘രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ.അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കിൽ പൊതുവേ ആളുകൾക്ക് വലിയ സന്തോഷമാണ്. അത് സിനിമയിൽ മാത്രമേ ഒളളൂ. ജീവിതത്തിൽ അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരി തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്.

പുതുവത്സരത്തിൽ ലാൽ എനിക്ക് അയച്ച ഫോട്ടോയാണ് ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അത് സിനിമയിലെ ഫോട്ടോ അല്ല. സെറ്റിൽ ഞങ്ങൾ രണ്ടുപേരും സംസാരിച്ച് നിന്നപ്പോൾ അറിയാതെ എടുത്ത ഒരു കാൻഡിഡ് ചിത്രമാണ്. ഇന്ന് ലാൽ എനിക്ക് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാൻ അത് അങ്ങനെ കൊടുത്തത്. അതിനും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ഒരുപാട് സന്തോഷം”–സിദ്ദിഖ് പറയുന്നു.

ജീത്തു ജോസഫ് ചിത്രം നേര് എന്ന സിനിമയിലാണ് മോഹൻലാലും സിദ്ദീഖും ഒടുവിൽ ഒന്നിച്ചത്. അഭിഭാഷകന്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ഓപ്പോസിറ്റ് കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ് നേര്. ബോക്സ് ഓഫീസിൽ 50 കോടി രൂപയിൽ അധികമാണ് നേരിന്റെ ഇതുവരെയുള്ള കളക്ഷൻ.

നേരിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ആദ്യദിനം അഞ്ച് കോടിയ്ക്ക് മുകളിൽ നേടിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു.