23 വർഷം വീൽചെയറിൽ; ആരാധകന്റെ സർജറിയുടെ ചിലവ് ഏറ്റെടുത്ത് ജയറാം
1 min read

23 വർഷം വീൽചെയറിൽ; ആരാധകന്റെ സർജറിയുടെ ചിലവ് ഏറ്റെടുത്ത് ജയറാം

ടൻ ജയറാം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. സഹജീവികളോടുള്ള തന്റെ സ്നേഹത്തിന്റെ ആഴം ഒരിക്കൽക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. പലപ്പോഴും അത്തരം വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ചിലത് ആരും അറിയാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം മുടക്കാൻ തയ്യാറായിരിക്കുകയാണ് താരം.

ബിഹൈൻഡ് വുഡ്സിന്റെ ജയറാം ഫാൻസ് മീറ്റിൽ വച്ചായിരുന്നു പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ​ഗീതാകൃഷ്ണൻ ആണ് ജയറാമിന്റെ ആരാധകൻ. പനയിൽ നിന്നും വീണ ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി വീൽ ചെയറിലാണ് കഴിയുന്നത്. “ഏട്ടന്റെ രണ്ട് മക്കൾ ആണ് നോക്കുന്നത്. പാലക്കാട് കൃഷ്ണപ്രസാദ് ഏട്ടൻ(ജയറാമിന്റെ ഫാൻസ് ക്ലബ്ബ്) ചികിത്സയ്ക്കും അല്ലാതെയും ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇനി ഒരു സർജറി കൂടി ആവശ്യമാണ്.

സർജറി എപ്പോൾ വേണമെങ്കിലും ചെയ്യാം. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ പോകുകയാണ്”, എന്നാണ് ഗീതാകൃഷ്ണൻ പറയുന്നത്. ഈ വർഷം പകുതിക്കുള്ളിൽ സർജറി ചെയ്യാമെന്ന് പരിപാടിക്കിടെ ജയറാം പറയുകയും ചെയ്യുന്നുണ്ട്. 2025ൽ നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നും ജയറാം പറയുന്നു. ജീവിതത്തിൽ എന്താ നടക്കാത്തതെന്നും നടൻ കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, ഓസ്‍ലർ ഇന്ന് റിലീസ് ചെയ്യുകയാണ്. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ഓസ്‍ലർ ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്. പ്രഖ്യാപിച്ചത് മുതലേ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഈ ജയറാം ചിത്രത്തിന് വേണ്ടി.