ആകാംക്ഷകൾക്ക് താൽക്കാലിക വിരാമം; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഒഫീഷ്യൽ ടീസർ നാളെ എത്തും
1 min read

ആകാംക്ഷകൾക്ക് താൽക്കാലിക വിരാമം; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഒഫീഷ്യൽ ടീസർ നാളെ എത്തും

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ റിലീസ് ചെയ്യും. പടം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ടീസർ ഇറങ്ങാൻ പോകുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക് ആയിരിക്കും അണിയറപ്രവർത്തകർ ടീസർ പുറത്ത് വിടുന്നത്.

ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിലെ സൂചന വെച്ച് ടൊവിനോ ഡബിൾ റോളിൽ എത്തുന്നുവോ എന്നും ഊഹങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിൻറെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെൻറ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പൊലീസ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതായിരുന്നു. തികച്ചും സാധാരണക്കാരനായൊരു റിയൽ പൊലീസുകാരൻറെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത്. ഇതിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.

തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ നിർമ്മാണത്തിൽ ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ എഴുപതോളം താരങ്ങൾ അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ രണ്ടു നായികമാരും പുതുമുഖങ്ങളാണ്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധറാണ്. കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.