കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തു; ആഘോഷമാക്കി മോഹൻലാൽ ആരാധകർ
1 min read

കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തു; ആഘോഷമാക്കി മോഹൻലാൽ ആരാധകർ

‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോൺസ്റ്റർ ഒക്ടോബർ 21 – ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ആകാംക്ഷ നിറച്ച് മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മോൺസ്റ്റർ ഒരു ത്രില്ലർ ചിത്രം ആയിരിക്കും എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരുന്നത്. മോൺസ്റ്ററിന്റെ ഫസ്റ്റിലും പോസ്റ്റർ റിലീസ് ചെയ്തപ്പോൾ തന്നെ ആരാധകർ അത് ആഘോഷമാക്കിയിരുന്നു. ആക്ഷനും സസ്പെൻസും നിറഞ്ഞ ഒരു മാസ്സ് ത്രില്ലറാണ് മോൺസ്റ്ററിന്റെ ട്രെയിലറിന് നൽകിയിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത പുലിമുരുകന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ഒരുപാട് പ്രതീക്ഷകളാണ് പ്രേക്ഷകർ മോൺസ്റ്ററിന് കൊടുക്കുന്നത്.

 

പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ആദ്യത്തേത് കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘മല്ലൂസിംഗ്’ എന്ന ചിത്രമായിരുന്നു. സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഹണി റോസ്, ഗണേഷ് കുമാർ, സാധിക വേണുഗോപാൽ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ധു പനയ്ക്കല്‍, സംഘട്ടനം- സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്‍, സ്റ്റില്‍സ്- ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ്- അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.