‘മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത് എന്നും പ്രശോഭിതമാകും’; കുറിപ്പ് വൈറല്‍
1 min read

‘മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത് എന്നും പ്രശോഭിതമാകും’; കുറിപ്പ് വൈറല്‍

നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് ബോക്‌സ്ഓഫീസില്‍ അദ്ഭുതം സൃഷ്ടച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. മൂന്ന് ദിവസംകൊണ്ട് ചിത്രം 9.75 കോടി കളക്ട് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം റോഷാക്ക് ആണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ലത്തീഫ് മെഹഫില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രൊമോഷന്‍ പ്രസ്സ് മീറ്റിനിടയില്‍ മമ്മൂട്ടിയോട് റോഷാക്ക് എന്ന സിനിമ ലൂക്ക് ആന്റണി എന്ന മനുഷ്യന്റെ സ്വപ്നാടനമാണോ എന്ന് ചോദിക്കുന്നുണ്ട്.ഈ സിനിമയുടെ കഥയെ കുറിച്ചുള്ള സംശയങ്ങളില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്ന പദം ഏറെക്കുറെ അത് തന്നെയാണെന്ന് മമ്മൂട്ടി പറയുന്നുണ്ട്. റോഷാക്ക് ഞാന്‍ കണ്ടിട്ട് രണ്ടു ദിവസം കഴിഞ്ഞു.ഇപ്പോഴാണ് ആ സിനിമയുടെ കാഴ്ച്ചയെ കുറിച്ച് എഴുതുന്നത്. സിനിമ കണ്ടതിനു ശേഷം ആ കാഴ്ച്ചകളിലൂടെയുള്ള പല തരത്തിലുള്ള മാനസിക സഞ്ചാരത്തിലൂടെയായിരുന്നു ഞാന്‍… അപ്പോള്‍ ഞാന്‍ ആ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞ ‘സ്വപ്നാടനം’ എന്ന വാക്കിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.അത് കെ ജി ജോര്‍ജ്ജിന്റെ ഒരു സിനിമയുടെ പേര് കൂടിയാണെന്ന് ഓര്‍ത്തു.കോവിഡ് കാലത്ത് ഞാന്‍ ചെയ്ത ഏറ്റവും മികച്ച സര്‍ഗ്ഗ വ്യാപാരം കെ ജി ജോര്‍ജ്, പവിത്രന്‍, അരവിന്ദന്‍, അടൂര്‍,പി എന്‍ മേനോന്‍, ടി വി ചന്ദ്രന്‍.. തുടങ്ങിയ മാസ്റ്റേഴ്‌സിന്റെ യൂ ട്യൂബില്‍ ലഭ്യമായ എല്ലാ സിനിമകളും കണ്ടു തീര്‍ത്തു എന്നതായിരുന്നു.അതില്‍ ഏറ്റവും മികച്ച ജീവിത കഥനങ്ങളായി എനിക്ക് തോന്നിയത് കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ തന്നെയായിരുന്നു.

കറുപ്പിലും വെളുപ്പിലും ഞാന്‍ തീര്‍ത്തു വെച്ച എന്റെ സാമൂഹിക ബോധ സൂചികകളെ മുഴുവന്‍ ചവിട്ടി മെതിച്ച് കൂട്ടിയിട്ട് തീ ഇട്ടത് പോലെയുള്ള അനുഭവങ്ങളായിരുന്നു ആ സിനിമകള്‍ എനിക്ക് നല്‍കിയത്.വ്യവസ്ഥിതിയുടെ കറുപ്പും വെളുപ്പും ഇത്രയും തീവ്രമായി പ്രേക്ഷകന്റെ കിളി പറത്തും വിധം മറ്റേതെങ്കിലും ചലച്ചിത്രകാരന്‍ മലയാളത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജ് ആണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് കൃത്യമാണെന്ന് എനിക്ക് പേഴ്‌സണലി ബോധ്യമായി.
മലയാളിയുടെ വ്യക്തിപരവും സാമൂഹികവും കുടുംബപരവുമായ സദാചാര ബോധ്യങ്ങളുടെ മാറാലക്കെട്ടുകളുടെ തുണിയുരിഞ്ഞ് നിങ്ങള്‍ ഇത്രയേ ഉള്ളൂ എന്ന് പ്രഖ്യാപിച്ച സംവിധായകന്‍.
കെ ജി ജോര്‍ജ്ജിന്റെ ‘ആദാമിന്റെ വാരിയെല്ല്’ എന്ന സിനിമയുടെ ഒടുവില്‍ നടി സൂര്യ അവതരിപ്പിക്കുന്ന അമ്മിണി എന്ന വീട്ടു വേലക്കാരിയുടെ കഥാപാത്രം സംവിധായകനേയും കാമറയേയും അതിലംഘിച്ച് ഷോട്ടിന് പുറത്തേക്ക് ഓടിപ്പോകുന്ന ഒരു രംഗമുണ്ട്.
ആ നിമിഷങ്ങളില്‍ പ്രേക്ഷകന്റെ അകത്തും പുറത്തും ഞെട്ടലിന്റെ ഒരു തരിപ്പ് അരിച്ചു കേറുന്നുണ്ട്. (അവിടെയും കാണുന്നവന്റെ കിളി പറക്കുന്നു.) പിന്നെ കുറച്ചു നേരത്തേക്ക് സ്‌ക്രീനില്‍ അതുവരെ കണ്ടത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ നാം
സ്തബ്ദരാവുന്നു.

ചലച്ചിത്രം എന്ന മാധ്യമത്തിനു മാത്രം പകര്‍ന്നു തരാന്‍ കഴിയുന്ന അനര്‍ഘ നിമിഷങ്ങളായി കാലം അത്തരം സിനിമകളെ പകര്‍ത്തി വെക്കുന്നു. കെ.ജി ജോര്‍ജിനെ പോലുള്ള നവ സിനിമ വക്താക്കള്‍ ടെക്‌നോളജിയുടെ സഹായമില്ലാതെ Content കൊണ്ടും അത് പറയാന്‍ സ്വീകരിച്ച treatment കൊണ്ടും പ്രേക്ഷകരുടെ ബോധത്തെ അസ്വസ്ഥപ്പെടുത്തിയപ്പോള്‍ നമുക്ക് കിട്ടിയത് മഹത്തായ കലാ സൃഷ്ടികളാണ്. കാലം മാറി;കഥയും. ഈ പുതിയ കാലത്ത് ചുരുക്കം ചില സിനിമകള്‍ ബ്രില്ല്യന്റായ ടെക്‌നിക്കല്‍ ട്രീറ്റ്‌മെന്റ് കൊണ്ട് കഥ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു. ശരിക്കും വിഭ്രാത്മകമായ ഏതോ ചുരുളിയില്‍ അകപ്പെട്ടു പോകുന്ന മാനസിക അവസ്ഥ സൃഷ്ടിക്കാന്‍ കെല്പുള്ള സിനിമകള്‍.അങ്ങനെയുള്ള ഒരു സിനിമയാണ് നിസാം ബഷീറിന്റെ ‘റോഷാക്ക്’.കൊറിയന്‍ ഡാര്‍ക്ക് മിസ്റ്ററി ത്രില്ലറുകളുടെ ഒരന്താരാഷ്ട്ര മെയ്ക്കിങ് രീതി അവലംഭിച്ച റോഷാക്ക് കാഴ്ച്ചയുടെ വിഭ്രമങ്ങള്‍ വേണ്ടുവോളം പറഞ്ഞു വെച്ചിട്ടുണ്ട്.മലയാളത്തില്‍ ഇങ്ങനെയൊരു കഥയും കഥപറച്ചിലും ആദ്യമാണ്.

പ്രേക്ഷകന്റെ കണ്ണില്‍ നിന്നും പല തവണ കിളികള്‍ പാറുന്ന ത്രില്ലടിപ്പിക്കുന്ന കാഴ്ച്ചകള്‍.
ഒരൊറ്റപ്പെട്ട മലയോരഗ്രാമത്തിലെ ഭീതിത വിജനതകളുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഏതോ പ്രേതലോകത്ത് നിന്നും ഇറക്കപ്പെട്ട ആന്റണി ലൂക്കിന്റെ ചിര പുരാതനമായ ആ കാര്‍ അവിടുത്തെ റോഡിലൂടെ കുതിച്ചു പായുമ്പോള്‍ നാം കേള്‍ക്കുന്ന ആ കാറിന്റെ റെയ്‌സിങ് സൗണ്ട് പോലും മലയാളത്തില്‍ ഇന്നോളം കേട്ടിട്ടില്ലാത്ത ശബ്ദ മിശ്രണം കൊണ്ട് വ്യതിരിക്തമായി നിന്ന് പ്രേക്ഷകനില്‍ ഭയം നിറക്കുന്നുണ്ട്. ആ ഗ്രാമം മുഴുവന്‍ ലുക്ക് ആന്റണിയുടെ ഇരകള്‍ ആണ് (കെ ജി ജോര്‍ജ്ജിന്റെ ഏറെക്കുറെ സിനിമകളും ‘ഇരകളെ’ കുറിച്ചുള്ള ഗാഥകളാണ് എന്നതും ആകസ്മികമല്ല…) അയാളുടെ വേട്ടകള്‍ ജീവിച്ചിരിക്കുന്നവരെ മാത്രമല്ല;മരിച്ചു മണ്ണടിഞ്ഞവരെയും ഒരിക്കല്‍ കൂടി കൊന്നു കളയുന്നുണ്ട്.
ഒരര്‍ത്ഥത്തില്‍ ആ ഗ്രാമത്തിലുള്ള ഭൂരിപക്ഷം മനുഷ്യരും അവരവരുടേതായ കാരണം കൊണ്ട് വേട്ടക്കാര്‍ കൂടിയാണ്.ഒപ്പം അവരൊക്കെ ലൂക്കിന്റെ ഇരകളുമാണ്.. ബാക്കി നിങ്ങള്‍ തിയറ്ററില്‍ നിന്ന് തന്നെ കണ്ടും അനുഭവിച്ചും അറിയുക.

എഴുപതുകളുടെ ഒടുക്കത്തിലും എണ്‍പതുകളിലും കെ.ജി ജോര്‍ജ്ജ് ഇരകളുടെ കഥ പറഞ്ഞ് ചലച്ചി ത്ര വിപ്ലവം സൃഷ്ടിക്കുമ്പോഴും മമ്മൂട്ടി കൂടെയുണ്ടായിരുന്നു.
പുതിയ കാലത്ത് റോഷാക്ക് എടുത്ത നിസാം ബഷീറിന്റെയും, പുഴു എടുത്ത പി.ടി രത്തീനയുടെയും നന്‍ പകല്‍ നേരത്ത് മയക്കം എടുത്ത ലിജോ ജോസ് പള്ളിശ്ശേരിയുടെ കൂടെയും മമ്മൂട്ടിയുണ്ട്. അത് കാലം കാത്ത് വെച്ച മനോഹാരിതയാണ്. മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത്
എന്നും പ്രശോഭിതമാകും…

കാരണം,
Mammooty has no Alternatives…