‘സുഖമോ ദേവിയിലെ കെ.പി.എ.സി സണ്ണിയുടെ പ്രകടനം കണ്ട് കണ്ണ് നിറയാത്തവര്‍ ചുരുക്കമായിരുന്നു’; കുറിപ്പ് വൈറല്‍
1 min read

‘സുഖമോ ദേവിയിലെ കെ.പി.എ.സി സണ്ണിയുടെ പ്രകടനം കണ്ട് കണ്ണ് നിറയാത്തവര്‍ ചുരുക്കമായിരുന്നു’; കുറിപ്പ് വൈറല്‍

നാടകനടനായി കലാജീവിതമാരംഭിച്ച് പിന്നീട് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കെ.പി.എ.സി. സണ്ണി. 250ല്‍ അധികം ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നളന്ദ, കൊല്ലം വയലാര്‍ നാടകവേദി, ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്‌സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ സ്‌നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്. നിരവധി തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 2005ല്‍ ഇ.പി.ടി.എ. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു ഹൃദയാഘാതംമൂലം അന്തരിച്ചത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിനയവിസ്മയത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമാ പ്രാന്തന്‍ ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവില്‍ ചെറിയൊരു വേഷത്തില്‍ വന്നു വിസ്മയിപ്പിച്ച സുരാജിന്റെ പ്രകടനം നമ്മളെല്ലാവരും കണ്ടതാണ്. എന്നാല്‍ അതിനെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അതിലും ചെറിയൊരു വേഷത്തില്‍ വന്ന് നമ്മളെ വിസ്മയിപ്പിച്ചൊരാളുണ്ടെന്നും അതാണ് കെപിഎസി സണ്ണിയെന്നും കുറിപ്പില്‍ പറയുന്നു. സുഖമോ ദേവി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകരെ കരയിപ്പിക്കുന്ന ഒന്നാണ്. സുഖമോ ദേവി ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിന്റെ ജേഷ്ഠനായാണ് കെ.പി.എ.സി സണ്ണി അഭിനയിച്ചിട്ടുള്ളത്. അതും കേവലം ഒരൊറ്റ സീനില്‍ മാത്രം.

തന്റെ എല്ലാമെല്ലാം ആയ അനിയന്റെ മരണം കേട്ടറിഞ്ഞു വരുന്ന ഒരു ജേഷ്ഠന്‍ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങള് നിമിഷ നേരം കൊണ്ട് എന്ത് സൂക്ഷ്മതയോടെയും തന്മയത്വത്തോടെയും ആണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. തന്റെ സങ്കടം പുറത്തു കാണിക്കാതെ അനിയന്‍ സണ്ണിയുടെ സുഹൃത്തുക്കളോട് കുശലം ചോദിക്കും പോലെ എന്തോക്കെയോ ചോദിച്ചും തന്റെ സുഹൃത്തായ ഔസേപ്പച്ചനോട് ‘ഔസേപ്പച്ച ഒരു സിഗരെറ്റ് കിട്ടുവോ’ എന്ന് ചോദിച്ച് സിഗരറ്റ് പാക്കറ്റ് വാങ്ങിക്കുന്നതും കൈ വിട്ടിറച്ചിട്ട് അയാള്‍ക് അതില്‍ നിന്ന് ഒരു സിഗരറ്റ് പോലും എടുക്കാന്‍ കഴിയാത്തതും അത് കണ്ട ഔസേപ്പച്ചന്‍ സിഗരറ്റ് എടുത്ത് കൊടുക്കുമ്പോള്‍ അത് കത്തിക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ട് അയാള്‍ ഔസേപ്പച്ചനെ കെട്ടിപ്പിടിച്ചു ‘എനിക്ക് എന്റെ സണ്ണി മോനെ കാണാന്‍ കഴിയില്ല ഔസേപ്പച്ചാ’ എന്ന് പറഞ്ഞുള്ള അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അന്ന് കണ്ണ് നിറയാത്തവര്‍ ചുരുക്കമായിരുന്നു. സുഖമോ ദേവിയിലെ ഏറ്റവും ഉള്ളുലക്കുന്ന സീനും ഇത് തന്നെയാണെന്നാണ് പ്രാന്തന് തോന്നുന്നത്.

ഏകദേശം 250 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ഒരു കാലത്തെ സ്ഥിരം പോലീസ് അല്ലെങ്കില്‍ വില്ലന്‍ വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട ഒരു നടനാണ്. ഒരു പക്ഷെ മികച്ച കാരക്ടര്‍ റോളുകള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നെങ്കില്‍ ഇതുപോലുള്ള പ്രകടനങ്ങളിലൂടെ കൂടുതല്‍ ജനപ്രീതിയും അംഗീകരങ്ങളും അദ്ദേഹത്തെ തേടി എത്തിയേനെ കാരണം അതിനുള്ള പ്രതിഭ വൈശിഷ്ട്യം സണ്ണി ഡിക്രൂസ് എന്ന കെ.പി.എ.സി സണ്ണിയില്‍ സിനിമയിലെത്തും മുന്നേ തന്നെ ഉള്‍ച്ചേര്‍ന്നിരുന്നു.