”ഉയർന്ന പ്രതിഫലം കിട്ടുന്നത് നടൻ നല്ലതായിട്ടല്ല, മദ്യമല്ലേ കൂടുതൽ വിറ്റ് പോകുന്നത്, ബൈബിൾ അല്ലല്ലോ?”; ഷൈൻ ടോം ചാക്കോ
1 min read

”ഉയർന്ന പ്രതിഫലം കിട്ടുന്നത് നടൻ നല്ലതായിട്ടല്ല, മദ്യമല്ലേ കൂടുതൽ വിറ്റ് പോകുന്നത്, ബൈബിൾ അല്ലല്ലോ?”; ഷൈൻ ടോം ചാക്കോ

അഭിനയമികവ് കൊണ്ട് മാത്രമല്ല, അഭിമുഖത്തിലെ വ്യത്യസ്തമായ പെരുമാറ്റവും കൗണ്ടർ മറുപടികളും കൊണ്ടുമെല്ലാം പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടർ ആയി തന്റെ കരിയർ തുടങ്ങിയ ഷൈൻ ഇപ്പോൾ മലയാളത്തിലെ എണ്ണം പറഞ്ഞ നടൻമാരിലൊരാളാണ്. കമ്മട്ടിപ്പാടത്തിലെ അബ്‌കാരി ജോണിയും അന്നയും റസൂലും എന്ന ചിത്രത്തിലെ അബുവും എല്ലാം ഷൈനിന്റെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്.

ഒരേ സമയം അഭിനയ സാധ്യതയും വെല്ലുവിളിയും നിറഞ്ഞ കഥാപാത്രങ്ങൾ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ് ഷൈനിനുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് ഇന്റർവ്യൂകൾ വഴി ഷൈൻ വൈറലായി തുടങ്ങിയത്. എന്തുകാര്യത്തെ കുറിച്ച് ചോദിച്ചാലും മറുപടികൾ ഷൈനിൽ നിന്നും പ്രതീക്ഷിക്കാം.

മറ്റുള്ള സിനിമാ താരങ്ങളെപ്പോളെ ഡിപ്ലോമാറ്റിക്കായി സംസാരിച്ച് കണ്ണിൽപൊടിയിട്ട് പോകുന്നതിനോട് യോജിപ്പില്ലാത്ത നടൻ കൂടിയാണ് ഷൈൻ. ഇപ്പോഴിതാ ഷൈനിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ ചില ഭാ​ഗങ്ങളാണ് വൈറലാകുന്നത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട അവതാരകയുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നൽകിയത്. ഇന്നേവരെ ഷൈൻ പ്രതികരിച്ചതുപോലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരു താരം പ്രതികരിച്ചിട്ടുണ്ടാകുമോയെന്ന് സംശയമാണ്.

സിനിമയിൽ നായകന്മാരേക്കാൾ കുറഞ്ഞ ശബളമാണല്ലോ നായികമാർക്ക് ലഭിക്കുന്നത് എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകയുടെ ചോദ്യം. വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കപ്പെടുന്ന നയൻതാരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍ എന്നായിരുന്നു ഷൈൻ അതിന് നൽകിയ മറുപടി.

‘സൂപ്പര്‍സ്റ്റാറുകളെന്ന് വിളിക്കുന്നവര്‍ക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ?. അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്?. കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്..? അല്ലല്ലോ… അപ്പോള്‍ ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍. അത് ആണാവണം പെണ്ണാവണം എന്നുമില്ല. മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ’, എന്നായിരുന്നു ഷൈനിന്റെ മറുപടി.

തമിഴിലും തെലുങ്കിലും അടക്കം തിരക്കുള്ള നടനാണ് ഇന്ന് ഷൈൻ. അടുത്തിടെ ഷൈൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ തമിഴ് സിനിമ ജി​ഗർതണ്ട ഡബിൾ എക്സ് മികച്ച പ്രകടനമാണ് നടത്തിയത്. ഡാൻസ് പാർട്ടിയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ഷൈൻ ടോം ചാക്കോ സിനിമ. അയ്യർ കണ്ട ദുബായ്, വെള്ളേപ്പം എന്നിവയാണ് ഇനി റിലീസിന് എത്താനുള്ള ഷൈൻ ടോം ചാക്കോ സിനിമകൾ.