രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ
1 min read

രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ  പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.  ഇപ്പോൾ പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങൾ അറിയിച്ച്  എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഒപ്പം മാസ്‌ട്രോ ഇളയരാജയുമെന്നും ഇരുവര്‍ക്കും ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിരുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി ടി ഉഷയെന്നും അവർ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണെന്നും അദ്ദേഹം കുറച്ചു. മാത്രമല്ല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉഷ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

സംഗീത സൃഷ്ടികൊണ്ട് വിവിധ തലമുറകളെ ആകർഷിച്ച പ്രതിഭ എന്നാണ്  ഇളയരാജയെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി കുറിച്ചത്. അദ്ദേഹത്തിന്റെ പാട്ടുകൾ ഒട്ടനേകം വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഏറ്റവും ലളിതമായ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ജീവിതയാത്ര വളരെ പ്രചോദകമാണെന്നും ഇളയരാജക്കുള്ള ആശംസ കുറിപ്പിൽ നരേന്ദ്രമോദി കുറച്ചു.

ഇരുവരെയും കൂടാതെ ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇവരെയും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.