രാജ്യസഭാ നോമിനേഷൻ: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി
1 min read

രാജ്യസഭാ നോമിനേഷൻ: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ  പി ടി ഉഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പി ടി ഉഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ പി.ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് എന്നും ഒപ്പം മാസ്‌ട്രോ ഇളയരാജയുമെന്നും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു എന്നുമാണ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്. ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും അവർ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണെന്നും മാത്രമല്ല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉഷ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും  നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

നടൻ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള രാജ്യ സഭാ അംഗങ്ങളുടെ ഒഴിവിലേക്കാണ് പി.ടി ഉഷ ഉള്‍പ്പടെയുള്ളവരെ നോമിനേറ്റ് ചെയ്തത്. പി.ടി ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും കൂടാതെ ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരനായ വി വിജയേന്ദ്ര പ്രസാദിനേയും സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.