”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി
1 min read

”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി

നിത സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഷാരൂഖിന്റെ ജവാൻ എന്ന സിനിമയിലെ സിന്ദ ബിന്ദ പാട്ടിനാണ് മോഹൻലാൽ ചുവട് വെച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചും മറുപടി നൽകിയും ഇരുവരും എക്‌സിൽ നിറഞ്ഞു നിന്നിരുന്നു.

സൂപ്പർ താരങ്ങളുടെ ഈ സംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മോഹൻലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് ചെയ്താണ് ഹരീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെ പോലെ നടക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ് എന്നാണ് ഹരീഷ് പറയുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ

എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെ പോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ്. ഡാൻസും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ.

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയൻസുമില്ലാത്ത അഭിനേതാവ് മൂപ്പരുടെ മുന്നിൽ വന്ന് നിന്നാൽ അയാളോട്, ‘നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ’ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും.

ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളിൽ നിന്ന് അദ്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കൾ ലാലേട്ടാ.