” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും”; നെല്ലൈ തങ്കരാജ് അന്തരിച്ചു
1 min read

” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും”; നെല്ലൈ തങ്കരാജ് അന്തരിച്ചു

നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിൻറെ മരണം. മാരി സൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും” എന്നാണ് സംവിധായകൻ മാരി സെൽവരാജ് ഇദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് ട്വീറ്റ് ചെയ്തത്. പരിയറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ചിത്രത്തിലെ നായകൻറെ അച്ഛൻ വേഷം സിനിമ പ്രേമികളിൽ ഏറെ നൊമ്പരം ഉണർത്തിയിരുന്നു. ഒരു തെരുവ് നർത്തകനായാണ് അദ്ദേഹം ചിത്രത്തിൽ വേഷമിട്ടത്. മകൻറെ സഹപാഠികളാൽ തെരുവിൽ പട്ടാപ്പകൽ അപമാനിക്കപ്പെടുന്ന പിതാവിൻറെ വേഷം തങ്കരാജിന് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്തു. ഏതാനും മാസങ്ങൾക്കു മുൻപാണ് സ്വന്തമായി നല്ലൊരു വീട് എന്ന സ്വപ്നം തങ്കരാജ് സാക്ഷാത്കരിച്ചത്. നെല്ലൈ ജില്ലാ ഭരണകൂടവും പ്രോഗ്രസീവ് റൈറ്റേഴ്സ് യൂണിയനും ചേർന്നാണ് അദ്ദേഹത്തിന് വീട് നിർമ്മിച്ചു നൽകിയത്. തിരുനെൽവേലി ജില്ലാ കളക്ടറാണ് വീടിൻറെ താക്കോൽദാനം നിർവഹിച്ചത്.

തമിഴ്നാടിന് അകത്തും പുറത്തും ഒരുപോലെ പ്രശസ്തനായ ഇദ്ദേഹം തിരുനെൽവേലിയിലെ വർണ്ണപ്പേട്ടൽ ജനിച്ചു. പാളയക്കോട്ടയിലെ ഗാന്ധി ചന്തയിൽ പച്ചക്കറി വിറ്റാണ് ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. സിനിമയിൽ അഭിനയിച്ചതിനുശേഷം ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു വീട്ടിലായിരുന്നു അദ്ദേഹത്തിൻറെ താമസം. കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് കച്ചവടം നിലച്ചപ്പോൾ അദ്ദേഹത്തിന്റെ ജീവിതവും വഴിമുട്ടുകയായിരുന്നു. ഇതേ തുടർന്ന് സംവിധായകൻ മാരി സെൽവരാജും മലയാളിയായ കളക്ടർ വിഷ്ണുവും തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷനും ഇടപെടുകയും ജില്ലാ ഭരണകൂട കോൺഗ്രീറ്റ് വീട് നിർമ്മിച്ച നൽകുകയും ആയിരുന്നു.