‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, ചിത്രം വൈറൽ
1 min read

‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, ചിത്രം വൈറൽ

നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ, തന്റെ വളർത്തുമൃഗങ്ങളായ കാസ്‌പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മോഹന്‍ലാല്‍ തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പമുള്ള തന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചത്.

‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ നായ്ക്കുട്ടനും പൂച്ചകുട്ടനും ഒപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിനെയും ഫോട്ടോയിൽ കാണാം. ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ഇനി പുറത്തുവരാനിരിക്കുന്നത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയാണ്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രധാനമായും ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി ദസറയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് വ്യഷ ഭ. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ജീത്തു ജോസഫിന്‍റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ തന്നെ സംവിധാന അരങ്ങേറ്റമായ ബറോസ്, ലൂസിഫര്‍ രണ്ടാം ഭാഗമായ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ജീത്തു ജോസഫിന്‍റെ റാം എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയിലെ മറ്റ് ചിത്രങ്ങള്‍. ഇതില്‍ മലൈക്കോട്ടൈ വാലിബനും നേരും ബറോസും ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളാണ്. അടുത്ത വർഷം റിലീസ് ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.