സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി… !! ബസൂക്ക ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ.ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മമ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് ഉറപ്പിക്കുന്ന തരത്തിൽ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

മു‌ടി വളർത്തി, കൂളിംഗ് ക്ലാസ് വച്ച് മാസ് ആയി വണ്ടിക്ക് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. ഒപ്പം 2024ൽ ആകും ബസൂക്ക റിലീസ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ മമ്മൂ‌ട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ക്രൈം ഡ്രാമ ജോണറില്‍ ആണ് ബസൂക്ക ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബസൂക്കയുടെ തന്‍റെ ഭാഗങ്ങള്‍ എല്ലാം മമ്മൂട്ടി പൂര്‍ത്തി ആക്കിയിരുന്നു. നിമേഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ്.

അതേസമയം, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. വൻ ഹിറ്റായിരുന്നു ചിത്രം. കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു.ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തും. ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

Related Posts