അഖില്‍ അക്കിനേനി – മമ്മൂട്ടി നായകന്മാരാകുന്ന പാന്‍ ഇന്ത്യ സിനിമ ‘ഏജന്റ്’ റിലീസിന് ഒരുങ്ങുന്നു!
1 min read

അഖില്‍ അക്കിനേനി – മമ്മൂട്ടി നായകന്മാരാകുന്ന പാന്‍ ഇന്ത്യ സിനിമ ‘ഏജന്റ്’ റിലീസിന് ഒരുങ്ങുന്നു!

അഖില്‍ അക്കിനേനി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഏജന്റ് ഡിസംബര്‍ 24ന് തിയേറ്ററില്‍ എത്തും. ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ പാന്‍ ഇന്ത്യന്‍ റിലീസായി തിയേറ്ററുകളില്‍ എത്തും. ‘യാത്ര’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെലുങ്ക് കൂടാതെ, മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിലുമെത്തും.

അതേസമയം, ചിത്രത്തിന്റെ ടീസര്‍ ജൂലൈ 15-ന് പുറത്തിറങ്ങുമെന്ന് ടീസര്‍ അനൗണ്‍സ്‌മെന്റ് വീഡിയയിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രതീക്ഷകളെ വര്‍ദ്ധിപ്പിക്കും വിധം വളരെ സ്‌റ്റൈലിഷായാണ് അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. വന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണിപ്പോള്‍. കൂടാതെ, ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത കിടിലന്‍ ലുക്ക് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. സ്‌റ്റൈലിഷ് ആയി ചിത്രീകരിച്ച ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ എല്ലൂര്‍ ആണ്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. എഡിറ്റിങ് നവീന്‍ നൂലി. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. എകെ എന്റര്‍ടൈന്‍മെന്റ്‌സിന്റേയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. അഖിലിനൊപ്പം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ചിത്രം റിലീസ് ആകാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകരും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിഷോര്‍ ഗരികിപതി
ബാനര്‍: എകെ എന്റര്‍ടൈന്‍മെന്റ്‌സ് & സുരേന്ദര്‍ 2 സിനിമ
കഥ: വക്കന്തം വംശി
സംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ
ഡിഒപി: റസൂല്‍ എല്ലൂര്‍
എഡിറ്റര്‍: നവീന്‍ നൂലി
കലാസംവിധാനം: അവിനാഷ് കൊല്ല
പിആര്‍ഒ: ശബരി.