ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു
1 min read

ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

ലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നു. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു.

സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിലും നിരവധി സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയായിരുന്നു അദ്ദേഹം ചെയ്തത്. അമ്മപ്പുഴയുടെ കൈകളില്‍ എന്ന പാട്ടിനൊപ്പം കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹന്‍ലാലിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ലുങ്കിയും ഷര്‍ട്ടുമിട്ട് തലയില്‍ കെട്ടുംകെട്ടി ഒറ്റയ്ക്കായിരുന്നു കുത്തൊഴുക്കൊന്നും വകവെക്കാതെ മോഹന്‍ലാല്‍ ചങ്ങാടം തുഴഞ്ഞത്. നരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുള്ളന്‍ കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നുവെന്നാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം ആളുകള്‍ കമന്റ് ചെയ്തത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഓളവും തീരവും എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ വീഡിയോ ആയിരുന്നു ഇത്. തൊമ്മന്‍കുഞ്ഞ് എന്ന സ്ഥലവും ഇപ്പോള്‍ ലോകമാകെ വൈറലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തൊമ്മന്‍കുഞ്ഞ് നിവാസികളായ ഒരു സംഘം ചെറുപ്പക്കാര്‍. ചങ്ങാടത്തില്‍ പുഴയിലൂടെ എത്തുന്ന മോഹന്‍ലാലിനൊപ്പവും ഈ ചെറുപ്പക്കാര്‍ മുഖം കാണിച്ചു. അജേഷ് അഗസ്റ്റിന്‍, അമല്‍ കൃഷ്ണ, എം.കെ.രാജീവ്, സഹദേവന്‍, ജോജി റോയി, അനീഷ് മോന്‍ ആന്റണി, നന്ദു രാമകൃഷ്ണന്‍, പി.എം.ഷൈബു, ജോമോന്‍ ജോസഫ്, പി.എസ്.വിഷ്ണു എന്നിവരാണ് ഷൂട്ടിങ്ങില്‍ സജീവമായി പങ്കെടുത്തത്. പല ഷോട്ടിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.

എം ടി വാസുദേവന്‍ നായര്‍ രചിച്ച് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത് 1969ല്‍ പുറത്തിറങ്ങിയ ഓളവും തീരവും ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ഈ ചിത്രം. തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും ഓളവും തീരവും എന്ന ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.