ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മാസ് ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍ ; പോലീസ് വേഷത്തില്‍ മമ്മൂട്ടി, വില്ലനായി തെന്നിന്ത്യന്‍ താരം
1 min read

ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മാസ് ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍ ; പോലീസ് വേഷത്തില്‍ മമ്മൂട്ടി, വില്ലനായി തെന്നിന്ത്യന്‍ താരം

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് ബി ഉണ്ണികൃഷ്ണന്‍. പോലീസ് വേഷത്തിലായിരുന്നു ഗ്രാന്‍ഡ്മാസ്റ്ററില്‍ മോഹന്‍ലാല്‍ എത്തിയതെങ്കില്‍ പുതിയ സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോലീസ് വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതാണെന്ന് അദ്ദേഹം പല കഥാപാത്രങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ പൂജ എറണാകുളത്ത് നടന്നു.

ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ആറാട്ട് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ്. സിനിമയുടെ ചിത്രീകരണം ജൂലൈ 15 മുതല്‍ പൂയംകുട്ടിയില്‍വെച്ചായിരിക്കും തുടങ്ങുന്നത്. 18നാണ് മമ്മൂട്ടി ഷൂട്ടിംങ്ങിനായി ജോയിന്‍ ചെയ്യുക. ചിത്രത്തില്‍ മൂന്ന് നായികമാരാണ് എത്തുന്നത്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി വന്‍ താരനിരതന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓപ്പറേഷന്‍ ജവ ഒരുക്കിയ ഫൈസ് സിദ്ദീഖ് ആണ്. സിനിമയുടെ സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ്.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ അവസാന ചിത്രമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ പ്രമാണി. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസില്‍, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സ്‌നേഹ, പ്രഭു, സിദ്ദിഖ്, ജനാര്‍ദനന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം, കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയവ.