അച്ഛന്റെ വഴിയിലേക്ക് മകളും; ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും
1 min read

അച്ഛന്റെ വഴിയിലേക്ക് മകളും; ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിൻറെ മൂത്ത മകൾ കാത്തി ജീത്തു സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും. ഫോർ ആലീസ് എന്ന് പേര് നൽകിയ ചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5ന് (ഇന്ന്) വൈകിട്ട് 6.30 നാണ് റിലീസ് ചെയ്യുന്നത്. ബെഡ്ടൈം സ്റ്റോറീസിൻറെ ബാനറിൽ ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. എസ്തർ അനിലും അഞ്ജലി നായരും അർഷദ് ബിൻ അൽത്താഫുമാണ് ഫോർ ആലീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവീൻ ചെമ്പൊടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി, വസ്ത്രാലങ്കാരം ലിൻഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധൻ, എഡിറ്റിംഗ് ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടർ സുമേഷ് സന്ദകുമാർ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, കളറിസ്റ്റ് അർജുൻ മേനോൻ, ആക്ഷൻ അഷ്‍റഫ് ഗുരുക്കൾ, വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്, ഡിസൈൻ ബാന്യൻ ഡിസൈൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാറ്റിന ജീത്തു എന്നിവരാണ്.

അതേസമയം ജീത്തു ജോസഫിൻറെ ഏറ്റവും പുതിയ ചിത്രം നേര് തിയറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൻറെ തിരക്കഥ അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നായിരുന്നു. ശാന്തി മായാദേവി നേരിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

ഏറെ നാളുകൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടുമൊന്നിച്ച ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകനായാണ് മോഹൻലാൽ എത്തിയത്. മലയാളത്തിൽ അപൂർവ്വമായ കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രം സമീപകാലത്ത് ഏറ്റവും മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്.