“മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ അപ്പുറത്ത് മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടും”
1 min read

“മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ അപ്പുറത്ത് മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടും”

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അതേ സമയം മമ്മൂട്ടിയുടെ ഇറങ്ങുന്ന സിനിമകളെല്ലാം വൻ ഹിറ്റാവുകയാണ് ഇപ്പോൾ. എങ്കിലും മോഹൻലാൽ എന്ന നടനെ ഇന്നും ആളുകൾക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം 

 

മോഹൻലാൽ എന്ന നടന്റെ Back to Back സിനിമകൾ വലിയ വിജയങ്ങൾ നേടുന്നില്ലെങ്കിലും എന്ത് കൊണ്ടാണ് മലയാളികൾക്ക് അടുത്ത കാലത്ത് വരെ നല്ല സിനിമകളുടെ ഭാഗമായ നല്ല അഭിനയം കാഴ്ചവെക്കുന്ന മമ്മൂട്ടിയേക്കാൾ ഇഷ്ടം മോഹൻലാൽ എന്ന നടനോട് തോന്നുന്നത് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

രണ്ട് പേരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി അനുസരിച്ചാണ് കാണുന്ന പ്രേക്ഷകർക്ക് അവരെ കൂടുതൽ ഇഷ്ടപെടാനുള്ള കാരണം ഒളിച്ചു നിൽക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.

മമ്മൂട്ടി എല്ലായ്പോഴും അദ്ദേഹത്തിന് ലഭിക്കുന്ന വേഷങ്ങൾ ആ കഥാപാത്രമായി മാറാനാണ് ഉപയോഗിക്കാറ്. മമ്മൂട്ടി എന്ന വ്യക്തി അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ നിഴലിക്കാറില്ല. പൂർണ്ണമായും അദ്ദേഹമാ കഥാപാത്രമാകും. മമ്മൂട്ടിയുടെ മാനറിസങ്ങൾ പോലും കഥാപാത്രത്തിൽ കൊണ്ട് വരാതിരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്.

നേരെ മറിച്ച് മോഹൻലാൽ എല്ലായ്പ്പോഴും കഥാപാത്രത്തെ തന്നിലേക്ക് സ്വാംശീകരിക്കാനാണ് ശ്രമിക്കാറുള്ളത്. ഏതൊരു കഥാപാത്രത്തെയും തന്റെ തന്നെ ഉറവ വറ്റാത്ത മാനറിസങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. കഥാപാത്രവും മോഹൻലാൽ എന്ന വ്യക്തിയും ഒന്നിച്ച് ഉണ്ടാകുന്ന ഒരു പുതിയ മനിതനായിരിക്കും അയാൾ.

ഇവിടെ മോഹൻലാൽ എന്ന വ്യക്തിയെ നമ്മളറിയാതെ അയാൾ നമ്മുടെ ഉള്ളിലേക്ക് കഥാപാത്രങ്ങളിലൂടെ കോറിയിടുന്നു. എത്ര കാലം കഴിഞ്ഞാലും മോഹൻലാൽ എന്ന വ്യക്തി പ്രേക്ഷകന് പ്രിയങ്കരനാക്കുന്നത് അദ്ദേഹത്തിന്റെ ഈ ഒരു ആക്റ്റിംഗ് മെത്തേഡ് കൊണ്ടാണ്. ഇന്നയാൾക്ക് കൈമോശം വന്നത് അയാളിലെ തന്നെ ആ മനോഹര മാനറിസങ്ങൾ കാലത്തിന്റെ കൂത്തൊഴുക്കിൽ ഒലിച്ചു പോവുന്നത് കൊണ്ടും കൂടിയാണ്.

മോഹൻലാലിന് വീര പുരുഷന്മാരുടെ വേഷങ്ങൾ ചെയ്യുന്നതിലെ ചേർച്ചയില്ലായ്മയൊക്കെ ഇതേ ആക്റ്റിംഗ് മെത്തേഡ് അദ്ദേഹം സ്വീകരിച്ചത് കൊണ്ട് പറ്റാത്തത് ആണ്.

മറുഭാഗത്ത് മമ്മൂട്ടിക്ക് പുട്ടുറുമീസും അച്ചുവും പള്ളിക്കൽ നാരായണനും അടുത്തിറങ്ങിയ കൊടുമൺ പോറ്റിയുമൊക്കെ ആവാൻ പറ്റുന്നത് മമ്മൂട്ടി എന്ന വ്യക്തിയെ വെളിയിൽ വെച്ച് കൊണ്ട് അയാൾ വരുത്തുന്ന ചലന ശബ്ദ വ്യത്യാസങ്ങൾ കൊണ്ടുമാണ്.

ഇവിടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ അപ്പുറത്ത് മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടും.

പ്രേക്ഷകന്റെ ഇഷ്ടം കൂടുതൽ സമ്പാദിക്കാൻ ആഗ്രഹമുള്ള ഒരു നടന് മോഹൻലാൽ എന്ന നടന്റെ അഭിനയ ശൈലിയും അഭിനയം മാത്രം ഇഷ്ടപ്പെടുന്ന ഒരു നടന് മമ്മൂട്ടി എന്ന നടന്റെ അഭിനയ ശൈലിയും തെരഞ്ഞെടുക്കാം.

രണ്ടുപേരും മലയാള സിനിമയെ ഇനിയും നല്ല കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്നാശംസിക്കുന്നു…