മറ്റൊരു നേട്ടവും കൂടി കൈവരിച്ച് മമ്മൂട്ടി ചിത്രം; പുഴുവിന്റെ ഡിഎൻഎഫ്ടി പുറത്ത്
1 min read

മറ്റൊരു നേട്ടവും കൂടി കൈവരിച്ച് മമ്മൂട്ടി ചിത്രം; പുഴുവിന്റെ ഡിഎൻഎഫ്ടി പുറത്ത്

കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി രാഷ്ട്രീയം തുറന്ന് കാട്ടി മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡി.എൻ.എഫ്.ടി (ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൻ) പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ഡി.എൻ.എഫ്.ടി ഡയറക്ടർ സുഭാഷ് മാനുവലിന് ആദ്യ ടോക്കൺ കൈമാറിയാണ് ടോക്കൺ പുറത്തിറക്കിയത്. സംവിധായിക രത്തീനയും നിർമ്മാതാവ് ജോർജും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

‘കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളിൽ മാറാതെ നിൽക്കുന്ന ജാതി എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയ ചിത്രമായിരുന്നു പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങൾ, വിഡിയോ ദൃശ്യങ്ങൾ എന്നിവയടങ്ങിയ ഡി.എൻ.എഫ്.ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാർഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നൽകിയ പ്രചോദനമാണ് ഡി.എൻ.എഫ്.ടിയുടെ പിറവിക്ക് കാരണമായ’തെന്ന് ഡി.എൻ.എഫ്.ടി ഡയറക്ടർ സുഭാഷ് മാനുവൽ പറഞ്ഞു.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡി.എൻ.എഫ്.ടി (ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൻ). വെർച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കാനുള്ള മാർഗമാണിത്. മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഡി.എൻ.എഫ്.ടി ആണ് ലോകത്താദ്യമായി അവതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റിൽസും വിഡിയോസും ഇതിന്റെ ഭാഗമായി ഡി.എൻ.എഫ്.ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടൻ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ജൂഡ് ആന്തണിയുടെ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡി.എൻ.എഫ്.ടി സ്വന്തമാക്കിയിട്ടുണ്ട്. ഒ.ടി.ടി, സാറ്റലൈറ്റ് പകർപ്പവകാശങ്ങൾക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വർഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡി.എൻ.എഫ്.ടി നീക്കം.