“നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” മടങ്ങിവരവിന്റെ പാതയിൽ സുരേഷ് ഗോപി! ; സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ
1 min read

“നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” മടങ്ങിവരവിന്റെ പാതയിൽ സുരേഷ് ഗോപി! ; സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ

ഉലകനായകൻ കമലഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ  അനിരുദ്ധ് സംഗീതം നൽകി പാടിയ “നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” എന്ന് തുടങ്ങുന്ന പാട്ട്  ഈ ദിവസം ഏറ്റവും കൂടുതൽ ചേരുന്നത് സുരേഷ് ഗോപിക്കാണ്. മലയാളികളുടെ സൂപ്പർസ്റ്റാറിന് നൈൻറ്റീസ് കിഡ്‌സിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്.

ഒരു നീണ്ട ഇടവേളക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുമ്പോൾ ഒരുപാട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി  പുറത്തിറങ്ങാൻ ഉള്ളത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളുമാണ്. ജോഷി സംവിധാനം നിർവഹിച്ച പാപ്പൻ ആണ് അടുത്ത ദിവസം റിലീസ് ആകുന്ന സുരേഷ് ഗോപി ചിത്രം. അതുകഴിഞ്ഞ് ഒറ്റക്കൊമ്പൻ, ഹൈവെ 2, ഒക്കെ വരുന്നുണ്ട്. എസ്. ജി 251, 252, 253, 254, 255 എന്നിങ്ങനെ നീളുകയാണ് ആ പട്ടിക. ഇതിൽ നിരവധി സിനിമകളുടെ ആദ്യ പോസ്റ്ററുകൾ ഇതിനോടകം തന്നെ പുറത്തു വിട്ടു കഴിഞ്ഞു. എന്നാൽ ചില ചിത്രങ്ങളുടെ പേര് ഇതുവരെയും അനൗൺസ് ചെയ്തിട്ടില്ല. എന്തായാലും സൂപ്പർസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. പിറന്നാൾ ദിനത്തിൽ നിരവധിപേരാണ് സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തുന്നത്. വിവിധ മേഖലകളിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയാണ്.

ഒരു സിനിമാതാരം എന്നതിലുപരി വളരെ നല്ല ഒരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. അതിന് ഉദാഹരണങ്ങളായി നിരവധി കാര്യങ്ങൾ പലർക്കും പറയാനുണ്ട്. സാമ്പത്തികപരമായും അല്ലാതെയും ഒട്ടനവധി സഹായങ്ങളാണ് അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത്. എംപി ഫണ്ടിൽ നിന്നും, സ്വന്തം അദ്ധ്വാനത്തിന്റെ പ്രതിഫലവും അദ്ദേഹം സഹജീവികളെ സഹായിക്കാൻ നൽകാറുണ്ട്. ഈ കാര്യങ്ങളൊക്കെ ആണ് സിനിമകൾ ഇല്ലാത്തപ്പോഴും സുരേഷ്ഗോപിയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൻ ആക്കിയത്. അതിന് അവസാനത്തെ ഉദാഹരണമാണ് ‘മാ’ എന്ന മിമിക്രി അസോസിയേഷന് അദ്ദേഹം വാഗ്ദാനം ചെയ്ത തുക രണ്ടാംതവണയും ഇപ്പോൾ കൃത്യമായി നൽകിയെന്നത്. പിണക്കങ്ങൾ മറന്ന് സിനിമാ സംഘടനയായ ‘അമ്മ’യിലേക്ക് അദ്ദേഹം തിരിച്ചെത്തിയതും വളരെ വലിയ വാർത്തയായിരുന്നു. അവിടെയും പ്രതീക്ഷകൾ ഏറെയാണ് നൽകുന്നത്.
മികച്ച നടനുള്ള സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹം ഇനിയും മികച്ച കഥാപാത്രങ്ങളുമായി സിനിമാലോകത്ത് ഉണ്ടാകുമെന്നത് വളരെ വലിയ കാര്യമാണ്.

സുരേഷ് ഗോപിയിലെ താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ്. എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ  നടനെ തിരിച്ചറിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. അഭിനയത്തിന്റെ പേരിൽ പലരേയും നമ്മൾ പ്രശംസിക്കുമ്പോൾ  അദ്ദേഹം ചെയ്തു വച്ചതിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ ചിലപ്പോൾ നാം ശ്രദ്ധിച്ചു കാണില്ല. ശ്രദ്ധിച്ചിരുന്നുവെങ്കിലും ചിലപ്പോൾ അത് വാഴ്ത്തപ്പെടാറുമില്ല.
രണ്ട് ചങ്കിലും വെടി കൊണ്ടിട്ടും കടയാടി ബേബിയെ പൊക്കിയെടുത്തു മലത്തിയെറിഞ്ഞ ഇരട്ടചങ്കുള്ള ആനക്കാട്ടിൽ ചാക്കോച്ചി, ഒരുപാട് ഇഷ്ട്ടം തോന്നുന്ന ബെത്‌ലഹേം ഡെന്നിസ്, ആവേശം കൊള്ളിക്കുന്ന ഭരത് ചന്ദ്രൻ ഐ.പി.എസ്, അതേ പോലീസ് വേഷത്തിൽ പൊട്ടിച്ചിരിപ്പിച്ച  മിന്നൽ പ്രതാപൻ, ഗുരുവിലെ ക്രൂരൂരനായ രാജാവ്, ദൈവികകലയായ തെയ്യംവേഷം കെട്ടുന്ന ഒരാൾ ആയിട്ടും ജീവന് തുല്യം സ്നേഹിച്ച സ്വന്തം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കണ്ണൻ പെരുമലയൻ, ആരോമൽ ചേകവർ,
ഇന്നലെ സിനിമയുടെ അവസാനം വന്നു നൊമ്പരപ്പെടുത്തിയ  നരേന്ദ്രൻ, കാമുകഭാവമുള്ള  എന്റെ സൂര്യപുത്രിക്ക്, പ്രണയവർണ്ണങ്ങളിലൊക്കെ കഥാപാത്രങ്ങൾ. കോടതിയിൽ വാദിച്ചു ജയിക്കുന്ന സൈക്കോ സ്വഭാവമുള്ള അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ തുടങ്ങി അദ്ദേഹം ഇതുവരെയും ചെയ്തുവെച്ച വ്യത്യസ്ത വേഷങ്ങൾ ഒരുപാടുണ്ട്. അതു പോലുള്ള മികച്ച കഥാപാത്രങ്ങൾ ഇനിയും തിരശ്ശീലയിൽ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ഉണ്ടാകട്ടെ.

ആക്ഷൻ ഹീറോ എന്ന പരിവേഷമാണ് നാം ഇത്രയും കാലം അദ്ദേഹത്തിന് കൊടുത്തതെങ്കിലും മികച്ച നടനെന്ന പേരിലും അദ്ദേഹത്തിന്റെ ഉള്ളിലെ വലിയ കലാകാരനെ വിശേഷിപ്പിക്കാം. സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്ക്  പിറന്നാൾ ആശംസകളോടൊപ്പം   തിരിച്ചുവരവിന്റെ പാതയിൽ എവിടെയും തട്ടിവീഴാതെ നിരവധി ദൂരം പ്രേക്ഷകരെ വിസ്മയിപ്പിച്ച്‌ മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ഓൺലൈൻ പീപ്സും ആശംസിക്കുകയാണ്.