മോണ്‍സ്റ്ററും പടവെട്ടും എത്തി, പക്ഷേ റോഷാക്കിന് കുലുക്കമില്ല…! തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം വിജയയാത്ര തുടരുന്നു
1 min read

മോണ്‍സ്റ്ററും പടവെട്ടും എത്തി, പക്ഷേ റോഷാക്കിന് കുലുക്കമില്ല…! തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം വിജയയാത്ര തുടരുന്നു

വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.

റോഷാക്ക് ഒക്ടോബര്‍ 7നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി നേടിയ ചിത്രത്തിന്റെ ഇതേ കാലയളവില്‍ ആഗോള ഗ്രോസ് 20 കോടിയാണ്. ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം വാരത്തിലെ തിയേറ്റര്‍ ലിസ്റ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് ചെയ്യുമ്പോള്‍ 219 സ്‌ക്രീനുകള്‍ ആയിരുന്നു കേരളത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. രണ്ടാം വാരവും അതേ സ്‌ക്രീന്‍ കൗണ്ട് തുടര്‍ന്നിരുന്നു. അതില്‍ 209 സെന്ററുകള്‍ റിലീസ് ചെയ്തവയും മറ്റ് 10 സ്‌ക്രീനുകള്‍ രണ്ടാം വാരം പ്രദര്‍ശനം ആരംഭിക്കുന്നവയും ആയിരുന്നു.

മൂന്നാം വാരം പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ മോഹന്‍ലാലിന്റേയും നിവിന്‍ പോളിയുടേയും ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെന്നുള്ളതാണ് പ്രത്യേകത. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും നിവിന്‍ പോളി ചിത്രം പടവെട്ടും ഇന്നലെയാണ് റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങള്‍ക്കും നല്ല രീതിയിലുള്ള കൗണ്ട് ഉണ്ട്. എന്നാല്‍ 87 സ്‌ക്രീനുകളില്‍ റോഷാക്ക് കേരളത്തില്‍ തുടരുന്നുവെന്നത് മമ്മൂട്ടി ആരാധകര്‍ക്ക് ആവേശമാണ്. വൈഡ് റിലീസിന്റെ ഇക്കാലത്ത് മൂന്നാം വാരത്തില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന മോശമല്ലാത്ത സ്‌ക്രീന്‍ കൊണ്ട് ആണ് ഇത്.

കഴിഞ്ഞ ദിവസം മൂന്നാം വാരത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്നിവയാണ് ഷൂട്ടിംങ് പൂര്‍ത്തിയായ ചിത്രങ്ങള്‍.