മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ , മമ്മൂട്ടി വിസമ്മതിച്ച ചിത്രം; നിർമിച്ചത് കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും
1 min read

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ , മമ്മൂട്ടി വിസമ്മതിച്ച ചിത്രം; നിർമിച്ചത് കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘രാജാവിന്റെ മകൻ’. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. നടൻ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സിനിമ ആണ് രാജാവിന്റെ മകൻ എന്ന് സിനിമാ ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി സിനിമ നിരസിച്ച ശേഷമാണ് മോഹൻലാലിലേക്ക് രാജാവിന്റെ മകൻ എത്തുന്നത്. ഇന്നും സിനിമാ രം​ഗത്ത് ഇത് ഒരു ചർച്ചാ വിഷയമാണ്. മമ്മൂട്ടിയെ നായനാക്കി എഴുതിയ കഥയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ തുടരെയുള്ള പരാജയങ്ങളിൽ പെട്ട് കിടക്കുന്ന തമ്പി കണ്ണന്താനത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം വിസമ്മതിച്ചു.  ആറ് ദിവസം കൊണ്ട് ഒരുക്കിയ തിരക്കഥ പോലും വായിക്കാതെയാണ് മോഹൻലാൽ അഭിനയിച്ചതെന്ന് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു.

“അന്ന് സാധാരണ ​ഗതിയിൽ ഒരുവിധപ്പെട്ട നിർമാതാക്കൾ അം​ഗീകരിക്കാത്ത തീം ആയിരുന്നു രാജാവിന്റെ മകൻ. അതായത് ഹീറോ ആണ് വില്ലൻ. തമ്പി കണ്ണന്താനത്തിന് കഥകേട്ടപ്പോൾ തന്നെ ഇഷ്ടമായി. ചെയ്യാനും തീരുമാനിച്ചു. നിർമാതാവ് ഇല്ല എന്നത് വലിയ പ്രശ്നം ആയിരുന്നു. മമ്മൂട്ടി നായകനാകണം എന്നായിരുന്നു എന്റെ ആ​ഗ്രഹം. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോട് ആയിട്ടായിരുന്നു. തമ്പിയുടെ ആ നേരം അല്പം ദൂരം എന്ന സിനിമ കൂടി പരാജയപ്പെട്ടതോടെ വീണ്ടും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. അന്ന് സൂപ്പർ ഹീറോ ആയി മമ്മൂട്ടി വളർന്ന് നിൽക്കുന്ന സമയവുമാണ്. രാജാവിന്റെ മകന്റെ കഥ ഇഷ്ടപ്പെട്ടെങ്കിലും തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി മടിച്ചു. തമ്പിക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ഒടുവിൽ തമ്പി മോഹൻലാലിന്റെ അടുത്തെത്തി. അന്ന് സൂപ്പർ താരം ആയിട്ടില്ല മോഹൻലാൽ. ലാൽ പറഞ്ഞു കഥ കൾക്കണ്ട. നിങ്ങൾക്ക് അറിയാമല്ലോ എന്ന്. എന്നെ അമ്പരപ്പിച്ച് കളഞ്ഞു. അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മൂട്ടി, എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിക്കും. ഒപ്പം വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കും. ഒന്നു കൂടി ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ, ഇനി അവൻ ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും പറ്റില്ലെന്ന് തമ്പി തറപ്പിച്ച് പറഞ്ഞു. ഒടുവിൽ തമ്പിയുടെ കാർ വിറ്റ് സിനിമ നിർമിച്ചു. റബ്ബര്‍ തോട്ടവും പണയപ്പെടുത്തി. വളരെ ബുദ്ധിമുട്ടിയായിരുന്നു സിനിമ എടുത്തത്. കുറഞ്ഞ ചെലവിൽ ആയിരുന്നു ഷൂട്ടിം​ഗ്. അഞ്ചോ ആറോ ദിവസം കൊണ്ടാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ഒടുവിൽ ആ സിനിമ മലയാളത്തിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തു”, എന്നാണ് അന്ന് ഡെന്നിസ് ജോസഫ് പറഞ്ഞത്.

അതേസമയം രാജാവിന്റെ മകന്‍ സൂപ്പര്‍ഹിറ്റായതിനോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും പഞ്ച് ഡയലോഗുകളും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. രാജാവിന്റെ മകന് ഒരു രണ്ടാം ഭാഗം ഒരുക്കാനും അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് തന്നെയായിരുന്നു ഇതില്‍ പ്രേത്യക താല്‍പര്യമുണ്ടായിരുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു തമ്പി കണ്ണന്താനത്തിന്റെ മരണ വേളയില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇക്കാര്യം പറഞ്ഞിരുന്നത്. പല ചര്‍ച്ചകളും രണ്ടാം ഭാഗത്തെക്കുറിച്ച് നടന്നെങ്കിലും പല കാരണങ്ങള്‍കൊണ്ട് അത് നടന്നില്ലായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.