ഒന്നിനൊന്ന് മികച്ച സിനിമകളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മൂവരും ഒരുമിച്ചെത്തുന്നു…! ആകാംഷയോടെ പ്രേക്ഷകര്‍
1 min read

ഒന്നിനൊന്ന് മികച്ച സിനിമകളുമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മൂവരും ഒരുമിച്ചെത്തുന്നു…! ആകാംഷയോടെ പ്രേക്ഷകര്‍

ര്‍ഷങ്ങളായി മലയാള സിനിമയില്‍ രണ്ടു സൂപ്പര്‍താരങ്ങളേ സ്ഥിരമായി നിലനിന്നു പോന്നിട്ടുള്ളു. മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇടക്കാലത്ത് സുരേഷ് ഗോപിയും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നുവെങ്കിലും അത് നിലനിര്‍ത്താനായിട്ടുണ്ടായില്ല. എന്നാല്‍ പാപ്പന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ വീണ്ടും സൂപ്പര്‍താര പോരിന് കളം ഒരുങ്ങുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നതിന് തിയേറ്ററുകള്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്ന തിയതി സെപ്റ്റംബര്‍ 30ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക് റിലീസ് വൈകുമെന്നാണ് സൂചന. നേരത്തെ സെപ്റ്റംബര്‍ 7ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. അത് കൊണ്ട് തന്നെ റോഷാക് പൂജാ റിലീസെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഓണം റിലീസായി മമ്മൂട്ടി കമ്പനിയുടെ തന്നെ നന്‍ പകല്‍ നേരത്ത് മയക്കം എന്ന ചിത്രമായിരിക്കും തിയേറ്ററില്‍ എത്തുക. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമായ റോഷാക്കിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.

മോഹന്‍ലാലിന്റെ റിലീസ് കാത്ത് കിടക്കുന്ന രണ്ട് ചിത്രങ്ങളാണ് മോണ്‍സ്റ്ററും എലോണും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ടീം കൂട്ടുകെട്ട് ഒന്നിക്കുന്ന മോണ്‍സ്റ്റര്‍ ആണ് പൂജാ റിലീസ് ആയി ഒരുങ്ങുന്ന മറ്റൊരു ചിത്രം. കോവിഡ് സമയത്ത് ചിത്രീകരിച്ച ചിത്രമായതിനാല്‍ ഒടിടി റിലീസായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് പ്ലാന്‍. മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ‘മോണ്‍സ്റ്ററില്‍’ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതേസമയം എലോണ്‍ ഒടിടി റിലീസ് തന്നെയായിരിക്കുമെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറയുകയുണ്ടായി.

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച പാപ്പനെ ഇരുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഈ വിജയാഘോഷത്തിന് ശേഷം ഇനി സുരേഷ് ഗോപിയുടെ അടുത്ത ചിത്രം മേ ഹൂം മൂസയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജിബു ജേക്കബ് ഒരുക്കുന്ന മേ ഹൂ മൂസ സെപ്റ്റംബര്‍ 30ന് നേരത്തെതന്നെ റിലീസ് തീയതി നിശ്ചയിച്ചിട്ടുണ്ട്. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചുവന്ന സുരേഷ് ഗോപി ചിത്രവും താര രാജാക്കന്മാരുടെ ചിത്രംവും റിലീസ് ചെയ്യുമ്പോള്‍ ഒരു പോരാട്ടം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.