‘തൊഴില്‍ നിഷേധം തെറ്റ്’; ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ നടപടിയെ വിമര്‍ശിച്ച് മമ്മൂട്ടി
1 min read

‘തൊഴില്‍ നിഷേധം തെറ്റ്’; ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ നടപടിയെ വിമര്‍ശിച്ച് മമ്മൂട്ടി

ഴിഞ്ഞ മാസം 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിക്കുകയും വീഡിയോ വൈറലാവുകയും കേസ് ആവുകയും ചെയ്തിരുന്നു. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓണ്‍ലൈന്‍ അവതാരക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല.

ഇപ്പോഴിതാ വിഷയത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രതികരിച്ചിരിക്കുകയാണ്. ശ്രീനാഥ് ഭാസിയുടെ വിലക്ക് തെറ്റാണെന്നും തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രസ് മീറ്റില്‍ പങ്കെടുക്കവെയാണ് ഇക്കാര്യത്തില്‍ താരം പ്രതികരിച്ചിരിക്കുന്നത്. വിലക്കിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന് മറുപടി വന്നപ്പോഴാണ് മമ്മൂട്ടി അത് തെറ്റാണെന്ന് പറഞ്ഞത്. അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. സിനിമയില്‍ നിന്ന് വിലക്കിയ നിര്‍മാതാക്കളുടെ തീരുമാനം തെറ്റാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

നേരത്തെ ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലും മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാകില്ലെന്നും സാമാന്യമായ ധാരണയാണ് ഇതില്‍ ഉണ്ടാകേണ്ടതെന്നുമായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞത്. നമ്മള്‍ തമ്മിലുള്ള ചോദ്യത്തിനും ഉത്തരത്തിനും കുഴപ്പം വരാന്‍ വഴിയില്ല. അതിനെ പറ്റി ചര്‍ച്ച ചെയ്താല്‍ ഒരു ദിവസം മതിയാകാതെ വരും. ഓരോരുത്തരും അവരവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കാണ് മറുപടി പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല.അതിന് സാമാന്യമായ ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിംങ് വീഡിയോയും പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.