‘ലൂസിഫറിൽ ഞാൻ പൂർണ്ണനായും തൃപ്തനായില്ല, ഗോഡ് ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും’; പ്രസ് മീറ്റിൽ വെളിപ്പെടുത്തി ചിരഞ്ജീവി
1 min read

‘ലൂസിഫറിൽ ഞാൻ പൂർണ്ണനായും തൃപ്തനായില്ല, ഗോഡ് ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും’; പ്രസ് മീറ്റിൽ വെളിപ്പെടുത്തി ചിരഞ്ജീവി

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫർ’. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ് ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ ചിരഞ്ജീവിയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ 153 – മത്തെ ചിത്രമാണിത്. തമിഴ് സംവിധായകൻ മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിഫർ ഹിറ്റ് ആയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. നയൻതാരയാണ് ഗോഡ് ഫാദറിൽ നായികയായി എത്തുന്നത്. ഒക്ടോബർ 5 – നാണ് ഗോഡ് ഫാദർ റിലീസ് ചെയ്യുന്നത്. നാളെ തന്നെയായിരിക്കും ഗോഡ് ഫാദറിന്റെ ഹിന്ദി വേർഷനും റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിരഞ്ജീവി ഗോഡ് ഫാദറിന്റെ പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

 

ലൂസിഫറിൽ താൻ പൂർണ്ണ തൃപ്തനായിരുന്നില്ല എന്നും ലൂസിഫറിനെ തങ്ങൾ കൂടുതൽ അപ്ഗ്രേഡ് ചെയ്യുകയായിരുന്നു എന്നും പ്രസ് മീറ്റിൽ ചിരഞ്ജീവി പറഞ്ഞു. “ലൂസിഫറിൽ ഞാൻ പൂർണ്ണനായും തൃപ്തനായില്ല. ഞങ്ങൾ ഈ സിനിമ കൂടുതൽ അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. ബോറടിപ്പിക്കുന്ന ഒരു രംഗം പോലുമില്ലാതെ എൻഗെജിങ്ങായി ചെയ്തിട്ടുണ്ട്. തീർച്ചയായും ഗോഡ് ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും”. പ്രസ് മീറ്റിൽ ചിരഞ്ജീവി പറഞ്ഞു. ചിരഞ്ജീവിയുടെ ഗോഡ് ഫാദറിന് ഒപ്പമാണ് നാഗാർജുനയുടെ ‘ഗോസ്റ്റ്’ എന്ന ചിത്രവും റിലീസ് ചെയ്യുന്നത്. നാഗാർജുനയുമായി മത്സരിക്കാൻ ഇല്ലെന്നും ചിരഞ്ജീവി പ്രസ് മീറ്റിൽ വച്ച് പറഞ്ഞു. “രണ്ട് സിനിമകളും തികച്ചും വ്യത്യസ്തമാണ്. രണ്ട് സിനിമകളിലൂടെയും ഞങ്ങളുടെ കഴിവുകൾ ഉപയോഗിക്കാനാണ് നോക്കുന്നത്. പ്രേക്ഷകർക്ക് ഏതാണ് ഇഷ്ടപ്പെടുന്നതെന്ന് അറിയാൻ സമയമെടുക്കും. സിനിമ വിജയമാണോ പരാജയമാണോ എന്നത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത് “.

കോനിഡേല പ്രൊഡക്ഷൻ കമ്പനിയുടെയും സൂപ്പർഗുഡ് ഫിലിംസിന്റെയും ബാനറിൽ എൻ. വി. പ്രസാദാണ് തെലുങ്ക് ലൂസിഫർ നിർമ്മിച്ചിരിക്കുന്നത്. ഗോഡ് ഫാദർ നിർമ്മിച്ചിരിക്കുന്നത് 90 കോടി ബഡ്ജറ്റിലാണ്. ചിരഞ്ജീവി പ്രതിഫലമായി 45 കോടി വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലങ്ങളൊന്നും വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ ഏകദേശം 80000 ത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞു പോയിട്ടുള്ളത്. 57 കോടി രൂപ ഡിജിറ്റൽ റൈറ്റ്സ് വഴി ചിത്രം നേടിക്കഴിഞ്ഞു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.