“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു
1 min read

“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു

ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വാക്കിലും ഈണത്തിലും വേറിട്ട്‌ നില്‍ക്കുന്ന തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയിരിക്കുകയാണ്. ഷഹബാസ് അമന്‍ ഈണമിട്ടു പാടിയ പാട്ടിനു വരികള്‍ പകര്‍ന്നത് അന്‍വര്‍ അലിയാണ്.

“ആദം മല തേടി ഹാദി അലി മരക്കാര്‍; ആലമേറും മരക്കപ്പല്‍ കേറിപ്പോയി ഒരിക്കല്‍” ആദി മല തേടിയെത്തിയ ഹാദി മരയ്ക്കാരെ കടലിലെ ഹൂറി കൊണ്ടുപോയ മാന്ത്രിക പാട്ട്കഥയാണ് കപ്പല്‍പ്പാട്ട്.“(തുറമുഖത്തിന്റെ) ശബ്ദപഥത്തിനായി ഒരു പുതിയ നാടോടിക്കഥപ്പാട്ടുണ്ടാക്കാനിരിക്കുമ്പോഴാണ് ഇലങ്കയിലെ (ശ്രീലങ്ക) ആദംമല (adam’s Peak) തേടി മദ്ധ്യേഷ്യന്‍ തീരങ്ങളില്‍ നിന്ന് കപ്പലോട്ടിയ സാഹസികരായ സുജായികളെ കുറിച്ച് പൊന്നാനിയിലെ നാട്ടുചരിത്രകാരന്‍ കെ. കെ. ഖാദര്‍ പറഞ്ഞ് അറിയുന്നത്. ഹാദി എന്ന പേര് അപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഷഹബാസ് അമന്‍റെ നാവില്‍ നിന്നാണ് വീണത്. ബാക്കിയെല്ലാം രണ്ടു രാപ്പകലിന്റെ സങ്കല്‍പ്പക്കടല്‍ തനിയേ ഇരമ്പിയാര്‍ത്തത്. പാട്ടുകെട്ടിക്കെട്ടി കവിതയായിപ്പോയത്” അന്‍വര്‍ അലി പറയുന്നു.

ഒരു നാടോടിപ്പാടിന്റെ മിനുക്കുകള്‍ എല്ലാമുള്ള പാട്ടിന്റെ സഞ്ചാരം കടല്‍ പോലെ മെല്ലെയിളകിയും, ഇടയ്ക്ക് താളം മുറുകിയും  കഥയുടെ കപ്പലേറിയാണ്‌. തെക്കന്‍ കടലിനു ജിന്ന് കേറും നേരം  കപ്പല്‍ പണിക്കാര് ഇപ്പോഴും ചൊല്ലാറുള്ള പഴങ്കഥയാണ് ഹാദി മരക്കാരെ ഹൂറി കൊണ്ടുപോയ കഥ. ആദം മല തേടി ഇലങ്കയിലേക്ക് തന്റെ എന്തിന്നും പോന്ന പന്ത്രണ്ടു ഖലാസിമാരുമായി കപ്പലേറി പുറപ്പെട്ട ധീരനായ ആദി മരയ്ക്കാന്‍റെ കപ്പല് നടുക്കടലില്‍ നിന്നുകത്തി, പന്ത്രണ്ടു ഖലാസിമാരും കത്തി. നിന്നുകത്തുന്ന തീയില്‍ കപ്പലിന്റെ അണിയത്ത് മിന്നിമിന്നി ചിരിക്കുന്ന ഹൂറിയെ കണ്ടു ഹാദി മരയ്ക്കാന്‍. ഹാദി മരയ്ക്കാനെ പിന്നെ ആരും കണ്ടില്ല.

മട്ടാഞ്ചേരി തുറമുഖത്ത് 1940-1950 കളില്‍ ചാപ്പ സംവിധാനത്തിന് എതിരെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളുടെ കഥപറയുന്ന രാജീവ്‌ രവി ചിത്രമാണ്‌ തുറമുഖം. നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ വന്‍ താരനിര ഒന്നിക്കുന്ന ചിത്രം ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് മാര്‍ച്ച്‌ 10 ന് തീയേറ്ററുകളില്‍ എത്തിയത്. ഗോപന്‍ ചിദംബരത്തിന്റെ ഇതേ പേരില്‍ ഉള്ള നാടകത്തെ അവലംബിച്ച് നിര്‍മിച്ച സിനിമക്ക്  തിരക്കഥ എഴുതിയതും  അദ്ദേഹം തന്നെയാണ്.

News summary: The lyrical video of kappalpaattu from Thuramukham movie gots released