Latest News

‘യങ്സ്റ്റേഴ്സ് എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്കയായിരിക്കും’ ; കുഞ്ചാക്കോ ബോബൻ പറയുന്നു

യുവനടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്ന താൻ കേസു കൊട്’. ഓഗസ്റ്റ് 11 – ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വേറിട്ട വേഷമാണ് അഭിനയിക്കുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ് താരം ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഗായത്രി ശങ്കറിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ‘ ദേവദൂതർ പാടി’ എന്ന പാട്ടിന് രസകരമായി കുഞ്ചാക്കോ ബോബൻ ചുവട് വച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിരുന്നു. മമ്മൂട്ടിയാണ് ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. കുഞ്ചാക്കോ ബോബനും ഈ സിനിമയുടെ എല്ലാ ടീമിനും ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചത്.

ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. ന്ന താൻ കേസ് കൊട് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ‘യങ്സ്റ്റേഴ്‌സുമായാണ് മത്സരിക്കുന്നത് എന്ന് പറയുന്നതിനോട് എന്താണ് അഭിപ്രായം’ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയാണ് കുഞ്ചാക്കോ ബോബൻ. മമ്മൂക്കയെ പോലെയുള്ള യങ്സ്റ്റേഴ്സുമായാണ് മത്സരിക്കുന്നത് എന്നും യങ്സ്റ്റേഴ്സ് എന്ന് പറയുമ്പോൾ അതിൽ ഏറ്റവും യങ് ആയിട്ടുള്ളത് മമ്മൂക്ക ആണെന്നുമാണ് ഇദ്ദേഹം പറയുന്നത്. മമ്മൂട്ടി വളരെ അപ്ഡേറ്റ് ആയ വ്യക്തിയാണ്. പുതിയ ആളുകളുടെ കൂടെ വ്യത്യസ്തമായ സബ്ജക്ടുകളും കഥാപാത്രങ്ങളും ചെയ്യുന്ന വേറൊരു യങ്സ്റ്ററെ ഇതുവരെ ഇദ്ദേഹം കണ്ടിട്ടില്ല എന്നും കൂട്ടിച്ചേർക്കുന്നു.

ഒട്ടുമിക്ക എല്ലാ ജനറേഷനിലുമുള്ള നടന്മാരെ കൂടി നല്ല സിനിമകൾ ചെയ്യാൻ സാധിച്ച ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയായ ‘ഹരികൃഷ്ണൻസിൽ’ ലാലേട്ടനും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിക്കാൻ സാധിച്ചു. കണ്ടംപററി ആയ ദിലീപിന്റെ കൂടെയും സീനിയേഴ്സ് ആയ സുരേഷ് ഗോപി, ജയറാം എന്നിവരുടെ കൂടെയും ഇദ്ദേഹം അഭിനയിച്ചു. കൂടാതെ ജയസൂര്യ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരുടെ കൂടെയും സിനിമകൾ ചെയ്തു. ഇവർക്ക് ശേഷം വന്ന ആസിഫ് അലി, നിവിൻ പോളി, ടോവിനോ തുടങ്ങിയ എല്ലാ താരങ്ങളുടെ കൂടെയും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവസരങ്ങൾ വന്നിട്ട് പോലും നിർഭാഗ്യവശാൽ കൂടെ അഭിനയിക്കാൻ പറ്റാതെ പോയ നടനാണ് ദുൽഖർ സൽമാൻ. ഇനിയും അടുത്ത ജനറേഷന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്.