“എനിക്ക് മെഗാസ്റ്റാര്‍ എന്ന പേര് വരാന്‍ കാരണം ഇതാണ്..” ; മമ്മൂട്ടി പറയുന്നു
1 min read

“എനിക്ക് മെഗാസ്റ്റാര്‍ എന്ന പേര് വരാന്‍ കാരണം ഇതാണ്..” ; മമ്മൂട്ടി പറയുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് ആരാധകര്‍ ഒന്നടങ്കം വിശേഷിപ്പിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി 400ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ മമ്മൂട്ടി എന്ന നടന്‍ സ്വന്തമാക്കുകയും ചെയ്തു.

അതുപോലെ, മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ സൂപ്പര്‍ സ്റ്റാറും മമ്മൂട്ടി തന്നെയാണ്. നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടന്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. അദ്ദേഹത്തെ പതിറ്റാണ്ടുകളേറെയായി മലയാളികള്‍ മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയിട്ട്. തനിക്ക് മെഗാസ്റ്റാര്‍ എന്ന പേര് വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി.

സത്യത്തില്‍ ഞാന്‍ ആ പേരു കേട്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ടെന്നും, ഗള്‍ഫിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് ആ പേര് തനിക്ക് ലഭിച്ചതെന്നുമാണ് മമ്മൂട്ടി പറയുന്നത്. 1987 ഒരു ഗള്‍ഫ് പര്യടനം നടത്തുകയുണ്ടായി, അന്ന് ഗള്‍ഫിലെ ഏറെ പ്രചാരത്തിലുള്ള ദിനപത്രം ആയിരുന്നു ഖലീഫ് ടൈംസ്. താന്‍ വന്നിറങ്ങിയ ദിവസം പത്രത്തിലെ തലക്കെട്ട് ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബായില്‍ എത്തുന്നു’ എന്നായിരുന്നു. അത്തരത്തില്‍ ഒരു തലക്കെട്ട് കണ്ട് താന്‍ അത്ഭുതപ്പെട്ടിരുന്നുവെന്ന് താരം പറയുന്നു.

പിന്നീട് ഒരു ദിവസം, ആ പത്രത്തിന്റെ ലേഖകനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു അതെന്താണ് ഈ മെഗാസ്റ്റാര്‍ എന്ന്, അപ്പോള്‍ അദ്ദേഹം പറഞ്ഞത്. ‘ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വമ്പന്‍ വിജയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ നിന്നും ഏറെ മുകളില്‍ പോയിരിക്കുന്നു അതുകൊണ്ടാണ് ഞങ്ങള്‍ മെഗാസ്റ്റാര്‍ എന്ന് എഴുതിയത്’. മമ്മൂട്ടി വെളിപ്പെടുത്തി. അതേസമയം, ഇതെല്ലാം സിനിമയുടെ ഒരു ഭാഗമാണെന്നും, ആരാധകരും ജയ് വിളികളും എല്ലാം എല്ലാകാലത്തും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും, ഞാനല്ലെങ്കില്‍ മറ്റൊരാള്‍ അത്രയേ ഉള്ളൂവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.