മോഹന്‍ലാല്‍ – ജീത്തുജോസഫ് ചിത്രം റാമിന് സ്റ്റണ്ട് ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ
1 min read

മോഹന്‍ലാല്‍ – ജീത്തുജോസഫ് ചിത്രം റാമിന് സ്റ്റണ്ട് ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ

ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. കോവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത്. ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിംങ് നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ റോ ഏജന്റായാണ് ചിത്രത്തില്‍ എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കെല്ലാം വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്‍പില്‍ നിന്നുള്ള സ്വന്തം ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കാന്‍ എത്തുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ – ഓര്‍ഡിനേറ്റര്‍ പീറ്റര്‍ പെഡ്രേറോ ആണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പീറ്റര്‍ പെഡ്രേറോ ഇതിനോടകം തന്നെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മിഷന്‍ ഇമ്പോസ്സിബിള്‍ എന്ന ചിത്രത്തിന്റെ മുഴുവന്‍ സ്റ്റണ്ട് കോ – ഓര്‍ഡിനേറ്റിങ് ടീമും റാമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്’, ‘ദി ഹിറ്റ്മാന്റെ ബോഡിഗാര്‍ഡ്’, ‘അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍’ എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത് പീറ്റര്‍ പെഡ്രേറോ ആയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. ലണ്ടനിലാണ് നിലവില്‍ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കു മുകളില്‍ ലണ്ടനിലെ ചിത്രീകരണം ബാക്കിയുണ്ട്. അതിനുശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങള്‍ക്കു ശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കോയിലേക്ക് പോവുകയും 40 ദിവസത്തെ ചിത്രീകരണത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തും. ശേഷം റാം ടീം ടുണീഷ്യയിലേക്ക് അടുത്ത ഷെഡ്യൂളിനായി പുറപ്പെടും. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.