“കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്‌സ്ട്രിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി മേ ഹൂം മൂസ” ; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

“കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്‌സ്ട്രിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി മേ ഹൂം മൂസ” ; കുറിപ്പ് ശ്രദ്ധ നേടുന്നു

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബുജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, സാവിത്രി ശ്രീധരന്‍, വീണാനായര്‍, ശ്രിന്ദാ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമായി സുരേഷ് ഗോപി ചിത്രത്തില്‍ കൈയടി നേടുന്നു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘ചിരിച്ച് രസിച്ച് കാണാം – മേ ഹൂം മൂസ. വെള്ളിമൂങ്ങ എന്ന ഒറ്റ ചിത്രം മതി ജിബു ജേക്കബ് എന്ന സംവിധായകന്റെ കഴിവ് എത്രത്തോളമാണെന്ന് മനസിലാക്കാന്‍. മേ ഹൂം മൂസയിലും പുള്ളി പതിവ് തെറ്റിക്കുന്നില്ല. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്ക് കൊണ്ട് പൊതിഞ്ഞ ആനുകാലിക പ്രസക്തിയുള്ള നല്ലൊരു സിനിമ. സിനിമ പറയുന്നത് മൂസ എന്നൊരു പട്ടാളക്കാരന്റെ കഥയാണ്. രാജ്യത്തിന് വേണ്ടി യുദ്ധത്തില്‍ വീര മൃത്യു വരിച്ചു എന്ന് നാട് മൊത്തം വിശ്വസിച്ചിരുന്ന മൂസ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടിലേക്ക് ജീവനോടെ മടങ്ങിയെത്തുകയാണ്. ഇതേ തുടര്‍ന്ന് സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് മേ ഹൂം മൂസയിലൂടെടെ നമുക്ക് കാണാനാവുക.

ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ഒന്നും അറിയാതെ കഴിഞ്ഞ മൂസ പിന്നീട് ആധുനിക ലോകത്തേക്ക് കടന്നു വരുമ്പോളുണ്ടാകുന്ന കാര്യങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. താന്‍ സ്ഥിരം ചെയ്യുന്ന തരം റോള്‍ അല്ലാഞ്ഞിട്ട് കൂടി മൂസ എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു. സൈജു കുറുപ്പ് ന്റെ കഥാപാത്രവും പ്രകടനത്തില്‍ മികച്ചു നിന്നതായി തോന്നി. കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്‌സ്ട്രിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്ന സിനിമ തണനെയാണ് മേ ഹൂം മൂസ എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ദില്ലി, ജയ്പ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിം നടന്നത്. റുബിഷ് റെയ്ന്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരന്‍ ആണ്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.