“എമ്പുരാൻ” സെറ്റ് വർക്ക് പുരോഗമിക്കുന്നു …! പൃഥ്വിയും സംഘവും യുകെയില്‍
1 min read

“എമ്പുരാൻ” സെറ്റ് വർക്ക് പുരോഗമിക്കുന്നു …! പൃഥ്വിയും സംഘവും യുകെയില്‍

മോഹൻലാലിനെ നായകനാക്കി പൃഥ്‌വിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് താരം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. മലയാളികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ’.

സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. 2019 ല്‍ ലൂസിഫര്‍ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത് ഒക്ടോബര്‍ 5 ന് ആണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് നാട്ടില്‍ എത്തിയതിന് ശേഷം ലൊക്കേഷന്‍ ഹണ്ടിനായി യുകെയില്‍ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്‍റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്‍റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യുഎസ്, യുകെ, അബുദബി എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. എമ്പുരാന്‍റെ യുഎസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ആഗോളമാണ് എമ്പുരാന്‍. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലൂസിഫറിന്‍റെ ക്ളൈമാക്സിനുമപ്പുറം പ്രേക്ഷകരെ ഹരം കൊള്ളിച്ച മരണമാസ്സ്‌ എൻട്രി ആയിരുന്നു ഖുറേഷി അബ്രഹാം ആയുള്ള മോഹന്‍ലാലിന്‍റെ വരവ്. ഈ കഥാപാത്രത്തിലാകും മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ എത്തുക.