പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍
1 min read

പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍

വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയുടെ കഴിവിനെക്കുറിച്ച് സിനിമാ ലോകം വാനോളം പുകഴ്ത്താറുണ്ട്. അക്കാര്യത്തില്‍ മികച്ച നടനെന്നപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം. ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അത്യപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ പുലിക്ക് പിറന്നത് പൂച്ചയാകില്ലെന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ചിത്രത്തിനായി മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത് കൈയ്യടി നേടുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം എന്ന പുതിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സീതയുടെയും റാമിന്റെയും പ്രണയം പറയുന്ന ചിത്രം റെക്കോഡ് കളക്ഷനാണ് ബോക്സ് ഓഫീസിലും വാരുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനത്തിനാണ് ഏറ്റവുമധികം കയ്യടി കിട്ടുന്നത്. മലയാളത്തിന് പുറമേ തമിഴും തെലുങ്കും വളരെ അനായാസമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്തത്. മലയാളിത്തം ഒട്ടും കടന്നുവരാത്ത രീതിയില്‍ തന്നെ പ്രാദേശിക രീതിയില്‍ തമിഴും തെലുങ്കും കൈകാര്യം ചെയ്യുന്നതില്‍ ദുല്‍ഖര്‍ വിജയിച്ചിരിക്കുകയാണ്.

സാധാരണ താരങ്ങള്‍ മാതൃഭാഷയൊഴികെ മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ പ്രൊനണ്‍സിയേഷന്‍ അരോചകമായി തോന്നാറുണ്ട്. അല്ലെങ്കില്‍ മാതൃഭാഷയുടെ സ്ലാങുകള്‍ ഇടയ്ക്ക് ഡബ്ബിങ്ങിലേക്ക് വരാറുമുണ്ട്.എന്നാല്‍ ദുല്‍ഖര്‍ ചെയ്യ്ത് വച്ചതിന് ആര്‍ക്കും ഒരു കുറ്റവും കണ്ടുപിടികകാനില്ല എന്നതാണ് വാസ്തവം. മലയാളത്തിന് പുറമേ എല്ലാ ഭാഷകളിലും സജീവമായ ദുല്‍ഖര്‍ സീതാ രാമത്തിലെത്തുമ്പോള്‍ ഡബ്ബിങ്ങില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രമായ ഒ.കെ കണ്‍മണിയിലും അദ്ദേഹം തന്നെയാണ് ഡബ് ചെയ്തത്. ബോളിവുഡ് അരങ്ങേറ്റമായ കാരവാനിലും ഡബ്ബിങ്ങില്‍ ദുല്‍ഖര്‍ മികവ് പുലര്‍ത്തിയിരുന്നു.

സീതാ രാമത്തിന്റെ മലയാളം വേര്‍ഷനില്‍ രമേശ് പിഷാരടിയുടെ ശബ്ദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകന്‍ റാമിന്റെ സുഹൃത്തായ ദുര്‍ജോയിയുടെ കഥാപാത്രത്തിനാണ് പിഷാരടി മലയാളത്തില്‍ ശബ്ദം നല്‍കിയത്. വെണ്ണല കിഷോറാണ് ദുര്‍ജോയിയായി വേഷമിട്ടത്. ഇദ്ദേഹത്തിന്റെ രസകരമായ അഭിനയത്തേയും മുന്നിട്ട് നില്‍ക്കുന്നതായിരുന്നു പിഷാരടിയുടെ ഡബ്ബിങ്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുമന്ദ്, പ്രകാശ് രാജ്, ഭൂമിക, ഗൗതം വാസുദേവമേനോന്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.