വിജയനെ ചേര്‍ത്തു പിടിച്ച് കവിളില്‍ മുത്തം നല്‍കി ദാസന്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
1 min read

വിജയനെ ചേര്‍ത്തു പിടിച്ച് കവിളില്‍ മുത്തം നല്‍കി ദാസന്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്.

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് പറയുകയുണ്ടായി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ് ഇരുവരുടേയും ചിത്രങ്ങളും വീഡിയോസും. ഉടന്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന മഴവില്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്സിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്ത് വിട്ട വീഡിയോ ക്ലിപ്പിലാണ് ശ്രീനിവാസനും മോഹന്‍ലാലും ഒരേ വേദിയിലെത്തിയത്. വേദിലെത്തിയ ശ്രീനിവാസന് മോഹന്‍ലാല്‍ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബനം നല്‍കുന്ന സമയം സാക്ഷിയായി സത്യന്‍ അന്തിക്കാടുമുണ്ട്.

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നായകന്മാര്‍ വേദിയില്‍ ഒന്നിച്ചത്. ദാസനും വിജയനും എന്ന ക്യാപ്ഷനോടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘സിനിമ പഠിപ്പിച്ചവര്‍, സിനിമ കൊതിപ്പിച്ചവര്‍,’ എന്ന ക്യാപ്ഷനോടെയാണ് സംവിധാകന്‍ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. 1987ല്‍ പുറത്തിറങ്ങിയ ‘നാടോടിക്കാറ്റ്’ ആണ് മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും ‘സൂപ്പര്‍ ജോഡി’യുടെ പ്രതീകമായ ആദ്യ ചിത്രം. ഇവിടെ നിന്നുമാണ് ഇന്നും മീമുകളുടെ ഇഷ്ട താരങ്ങളായ വിജയന്റെയും ദാസന്റെയും ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഉദയനാണ് താരത്തിന്’ ശേഷം ഫാമിലി എന്റെര്‍റ്റൈനെര്‍ കൂടിയായ ‘ഒരു നാള്‍ വരും’ ആണ് ഇവര്‍ ഒന്നിച്ച ഏറ്റവും അവസാനത്തെ മലയാള ചിത്രം. 2010ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ശ്രീനിവാസന്‍ അടുത്തിടെ രോഗാവസ്ഥ മൂലം വിശ്രമത്തിലായിരുന്നു. നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ഏപ്രിലിലാണ് ആശുപത്രി വിട്ടത്. കീടം എന്ന സിനിമയായിരുന്നു ശ്രീനിവാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.